
ഗീതാദര്‍ശനം - 444
Posted on: 04 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ഇതുവരെയുള്ള സയന്‍സ് ഈ ഇനത്തില്‍ പെടുന്നു. അടുത്ത കാലത്തായി സയന്‍സ് ഈ പരിമിതി മനസ്സിലാക്കുകയും അതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരിക്കുന്നു. അപരാവിദ്യകളുടെ പരമമായ പ്രയോജനം, അവയുടെ പരിമിതി മനസ്സിലാക്കാന്‍ അവതന്നെ ഉപകരിക്കുന്നു എന്നതാണ്. പക്ഷേ, നിലവിലുള്ളവ പാടേ മാറിയാലേ പരിമിതികളെ മറികടക്കാന്‍ ഒക്കൂ എന്നതാണ് മനുഷ്യരാശിക്കു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവു വെച്ച് മനസ്സിനെയും ആ മനസ്സുകൊണ്ട് ബുദ്ധിയെയും ആ ബുദ്ധിയെ മുന്‍നിര്‍ത്തി പ്രപഞ്ചത്തെയും നമ്മെയും കാണുകയാണ് നിലവിലുള്ള മുറ.
വിവേകം എന്ന വിളവിനായി ശരീരമെന്ന കൃഷിഭൂമി ശരിയായി ഒരുക്കിയെടുക്കണമെങ്കില്‍ അതിന്റെ ചേരുവകളും ഘടനയും സവിശേഷതകളും അറിയണം. അതിനാല്‍ അപരാവിദ്യകളായ ജീവശ്ശാസ്ത്രം, മനശ്ശാസ്ത്രം എന്നിവയില്‍നിന്നു തുടങ്ങുന്നു.
തത് ക്ഷേത്രം യച്ച യാദൃക് ച
യദ്വികാരി യതശ്ച യത്
സ ച യോ യത് പ്രഭാവശ്ച
തത് സമാസേന മേ ശൃണു
ആ ക്ഷേത്രം ഏതൊന്നാണ്, എവ്വിധമുള്ളതാണ്, ഏതൊക്കെ വികാരത്തോടുകൂടിയതാണ്, ഏതില്‍നിന്ന് എപ്രകാരം (ഉണ്ടായത്) ആണ്, ആ ക്ഷേത്രജ്ഞന്‍ ആര്, എന്തെല്ലാം പ്രഭാവമുള്ളവന്‍ എന്നൊക്കെ ചുരുക്കത്തില്‍ എന്നില്‍നിന്ന് നീ കേട്ടുകൊള്ളുക.
'തത്‌ക്ഷേത്രം' എന്നതിലെ തത് ('ആ' എന്ന) ശബ്ദം നേരത്തേ 'ഇദം ശരീരം' (ഈ ശരീരം) എന്നു ചൂണ്ടിക്കാണിച്ച മനുഷ്യശരീരത്തെ ഉദ്ദേശിച്ചാണ്. 'ചുരുക്കിപ്പറയുന്നതിനെ കേട്ടുകൊള്ളുക' എന്നു വെച്ചാല്‍, കേട്ടതിനെപ്പറ്റി മനനം ചെയ്ത് വിസ്തരിച്ച് മനസ്സിലാക്കിക്കൊള്ളുക എന്നുതന്നെ.
(തുടരും)





