
ഗീതാദര്‍ശനം - 443
Posted on: 03 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം, അക്ഷരാതീതം എന്നു മൂന്നു തലങ്ങളുള്ളതിന് അനുസൃതമായി ശരീരത്തിനും മൂന്നു തലങ്ങളുണ്ട് - സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം. ഇതില്‍ സ്ഥൂലശരീരം ക്ഷരത്തില്‍കാണപ്പെടുന്ന നശ്വരമായ ശരീരംതന്നെ. സൂക്ഷ്മശരീരമെന്നാല്‍ ജീവാത്മാവ് അഥവാ ശരീരത്തിന്റെ രൂപനിര്‍മാണക്ഷേത്രം. കാരണശരീരമാണ് അക്ഷരാതീതമെന്ന പുരുഷോത്തമന്‍ അഥവാ പരമാത്മാവ്. ഇതുതന്നെ എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞന്‍. ക്ഷേത്രജ്ഞനും ക്ഷേത്രജ്ഞാനവും ഒന്നാണ്. കാരണം എല്ലാ ക്ഷേത്രങ്ങളിലുമുള്ളത് ഒരേ ക്ഷേത്രജ്ഞനാണ്.
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി
സര്‍വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോര്‍ജ്ഞാനം
യത്തത് ജ്ഞാനം മതം മമ
അല്ലയോ ഭരതവംശജാ, എന്നെ എല്ലാ ക്ഷേത്രങ്ങളിലെയും ക്ഷേത്രജ്ഞനായി അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള വിവേകംതന്നെയാണ് ജ്ഞാനം എന്നാണ് എന്റെ നിശ്ചയം.
ശരീരം ക്ഷരബ്രഹ്മം (അഹം ബ്രഹ്മാസ്മി). ജീവാത്മാവ് അക്ഷരബ്രഹ്മം (അയമാത്മാ ബ്രഹ്മ). കാരണശരീരം അക്ഷരാതീതം (പ്രജ്ഞാനം ബ്രഹ്മ). ഇതുതന്നെ ക്ഷേത്രജ്ഞന്‍. സൂക്ഷ്മതമമായതിനാല്‍ അത് എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്നു, അത് എല്ലാ ക്ഷേത്രങ്ങളെയും അറിയുന്നു.
സ്ഥൂലശരീരത്തിലെ ജ്ഞാനേന്ദ്രിയങ്ങള്‍കൊണ്ട് പുറമെനിന്ന് സമ്പാദിക്കാവുന്ന അറിവ് ആപേക്ഷികമേ ആകൂ.കാരണം ഇന്ദ്രിയങ്ങള്‍ അറിവു നേടുന്നത് ദ്വന്ദങ്ങളെ ആധാരമാക്കിയാണ്. ചൂടുണ്ടെന്ന അറിവ് ചൂടില്ലായ്മയെ ആശ്രയിക്കുന്നുവല്ലോ. എല്ലാ ക്ഷേത്രങ്ങളെയും ഒരേ സമയം അറിയുന്ന അറിവ് ഈ അറിവല്ല. ദ്വന്ദനിരപേക്ഷമായ അറിവാണ്. സാപേക്ഷമായ അറിവിലൂടെ അപരാവിദ്യകള്‍ മാത്രമേ കൈവരിക്കാനാവൂ.
(തുടരും)





