githadharsanam

ഗീതാദര്‍ശനം - 442

Posted on: 01 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


സാംഖ്യശാസ്ത്രത്തിലെ സാങ്കേതികപദങ്ങളാണ് പ്രകൃതി, പുരുഷന്‍ എന്നത്. അറിയാനുള്ളത്, അറിയുന്നവന്‍ എന്ന രണ്ടിനും പുറമെ അറിവ് എന്ന അടിസ്ഥാനസംഗതിയെക്കുറിച്ചുകൂടി പറഞ്ഞുതരണമെന്നപേക്ഷിക്കുന്ന അര്‍ജുനന്‍, നിലവിലുള്ള വീക്ഷണങ്ങളുടെ ബഹുസ്വരത കണ്ട് വിഷമിക്കുന്ന സത്യാന്വേഷിയുടെ നിലയിലാണ് ഇവിടെ.

ഈ ആറ് നിര്‍ദിഷ്ടവിഷയങ്ങളില്‍ രണ്ടെണ്ണം തിരഞ്ഞെടുത്ത് സംശയനിവാരണം സരളമായി നിര്‍വഹിക്കാന്‍ തുടങ്ങുന്നു. (ഇവയിലൂടെ ബാക്കി നാലിലേക്ക് പിന്നീട് കടക്കും.)

ശ്രീഭഗവാനുവാച-
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
എതദ്യോ വേത്തി തം പ്രാഹുഃ
ക്ഷേത്രജ്ഞ ഇതി തദ്വിതഃ
ശ്രീഭഗവാന്‍ പറഞ്ഞു-


ഹേ കുന്തീപുത്രാ, ഈ ശരീരം ക്ഷേത്രമെന്ന് വിളിക്കപ്പെടുന്നു. ഇതിനെ ആരാണൊ അറിയുന്നത് ആ ആളെ, ഇതേപ്പറ്റി നേരറിഞ്ഞവര്‍ ക്ഷേത്രജ്ഞന്‍ എന്ന് പറയുന്നു.

നശ്വരമായത് അഥവാ അപക്ഷയമുള്ളത് 'ക്ഷേത്രം' (ക്ഷീയതേ). ഒരു വിളഭൂമിപോലെ കര്‍മഫലങ്ങള്‍ അതില്‍നിന്നുണ്ടാകുന്നതുകൊണ്ടും 'ക്ഷേത്രം'. പൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നത് (ശീര്യതേ) എന്ന അര്‍ഥമാണ് ശരീരപദത്തിനുള്ളത്. ക്ഷേത്രങ്ങളെ അറിയുന്നതാണ് ക്ഷേത്രജ്ഞത്വം. 'ഇദം' ശരീരം എന്നു പറയുന്നതിനാല്‍ 'ഈ' മനുഷ്യശരീരത്തെയാണ് ഇവിടെ വിഷയമാക്കുന്നതെന്ന് സ്​പഷ്ടം.

ക്ഷേത്രത്തെക്കുറിച്ചുള്ള അറിവിന് മൂന്നു തലമുണ്ട്. ഒന്ന് ഭൗതികമായ ഘടനയെക്കുറിച്ചുള്ളത്. രണ്ട്, ആ ഘടനയില്‍അറിവിന്റെ ഉപാധിയായിരിക്കുന്നവയെക്കുറിച്ചുള്ളത്. മൂന്ന്, എല്ലാ അറിവിനും പാത്രവും നിദാനവുമായിരിക്കുന്നതിനെ കുറിച്ചുതന്നെയുള്ള അറിവ്. ഈ മൂന്നുംതികഞ്ഞാലേ ശരീരത്തെക്കുറിച്ചുള്ള അറിവ് പൂര്‍ത്തിയാകുന്നുള്ളൂ. ശരീരശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലുമുള്ള അറിവുകള്‍ പരസ്​പരപൂരകവും ആകണം.

(തുടരും)



MathrubhumiMatrimonial