githadharsanam

ഗീതാദര്‍ശനം - 441

Posted on: 27 Feb 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


സയന്‍സില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന്, നിരീക്ഷണങ്ങളുടെ ഫലമായുള്ള സാമാന്യവത്കരണവും അതിന്റെ പരീക്ഷണങ്ങളിലൂടെയുള്ള സ്ഥിരീകരണവും. രണ്ട്, ഒരു സങ്കല്പനത്തിന്റെ അവതരണവും അതിന്റെ യുക്തിഭദ്രതയെ വിചിന്തനംകൊണ്ടും പരീക്ഷണംകൊണ്ടും ഉറപ്പിക്കലും. ഈ രണ്ടാമത്തെ വഴിയിലൂടെ പോകാനുള്ള പരീക്ഷണശാല സ്വന്തം വ്യക്തിത്വവും ഈ ലോകവും തന്നെയാണ്. വേറെ യന്ത്രങ്ങളോ ഫണ്ടോ വേണ്ട. അങ്ങനെ പോയവരുടെ കാഴ്ചപ്പാടുകളെല്ലാം പരിശോധിച്ച്, കൊള്ളേണ്ടതെടുത്തും തള്ളേണ്ടത് തള്ളിയും സമവായപ്പെടുത്തി, സര്‍വാതിശായിയായ അടിസ്ഥാനദര്‍ശനം തരികയാണ് ഗീത. അതിനൊപ്പം ഈ ദര്‍ശനം സ്വജീവിതത്തില്‍ പരീക്ഷിക്കാനുള്ള 'സാങ്കേതികവിദ്യ'യും അവതരിപ്പിക്കുന്നു.

പ്രകൃതിയെയും പ്രകൃതിക്കു പിന്നിലെ ശക്തിയെയും ശരീരത്തെയും ജീവനെയും ഇഴപിരിച്ചു നോക്കി ഇവയെല്ലാം തമ്മിലുള്ള കെട്ടുപാടുകള്‍ അറിഞ്ഞാലേ എന്തിനെ എങ്ങനെയാണ് ധ്യാനിക്കേണ്ടതെന്ന് തീര്‍ച്ചപ്പെടൂ. അതിനാല്‍,

അര്‍ജുന ഉവാച-
പ്രകൃതിം പുരുഷം ചൈവ
ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്‌വേദിതുമിച്ഛാമി
ജ്ഞാനം ജ്ഞേയം ച കേശവ

അര്‍ജുനന്‍ പറഞ്ഞു-
അല്ലയോ കേശവാ, പ്രകൃതി, പുരുഷന്‍, ക്ഷേത്രം,ക്ഷേത്രജ്ഞന്‍, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റിയെല്ലാംഅറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

(ഗീതയില്‍ എഴുനൂറു ശ്ലോകങ്ങളേ ഉള്ളൂ എന്നു നിശ്ചയിച്ച് ആചാര്യസ്വാമികള്‍ ഈ ശ്ലോകം തന്റെ വ്യാഖ്യാനപാഠത്തില്‍ ചേര്‍ത്തിട്ടില്ല. അതുകൊണ്ടാണ് മറ്റു വ്യാഖ്യാതാക്കളും ഇതുപേക്ഷിച്ചതെന്നു പറഞ്ഞ് ഡോ. രാധാകൃഷ്ണന്‍ തന്റെ പഠനത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. അര്‍ജുനന്റെ ഈ ആഗ്രഹപ്രകടനത്തിന് ഈ ഘട്ടത്തില്‍ പ്രസക്തിയുണ്ടെന്നുതന്നെയാണ് അദ്ദേഹത്തിന്റെപക്ഷം.)

(തുടരും)



MathrubhumiMatrimonial