
ഗീതാദര്‍ശനം - 440
Posted on: 26 Feb 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ഗീതയുടെ ആദ്യത്തെ ആറധ്യായങ്ങള്‍ 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ 'ത്വം'പദത്തെയും (ക്ഷരപ്രപഞ്ചത്തിലെ നമ്മെയും) അടുത്ത ആറധ്യായങ്ങള്‍ 'തത്'പദത്തെയും (പരമാത്മാവിനെയും) ശേഷം ആറധ്യായങ്ങള്‍ 'അസി' പദത്തെയും (ഇവയുടെ ഐക്യഭാവത്തേയും പ്രതിപാദിപ്പിക്കുന്നു എന്നു നേരത്തേ സൂചിപ്പിച്ചുവല്ലോ. ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞു. ഇനി ഐക്യത്തെ നിരൂപിക്കുന്നു. അതിന്പ്രപഞ്ചവും പ്രപഞ്ചജീവനും നമ്മുടെ ദേഹവും തമ്മിലുള്ള ബന്ധം വിശദമായി അന്വേഷിക്കണം.
പ്രപഞ്ചത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ദേഹങ്ങളാണ്. ഈ ദേഹങ്ങളുടെ പല തരത്തിലും അളവുകളിലുമുള്ള കൂട്ടായ്മകള്‍ കൂടുതല്‍ വലിയ ദേഹങ്ങളുമാണ്. അതായത്, ഏറ്റവും ചെറിയ കണം മുതല്‍ മഹാപ്രപഞ്ചംവരെ പല വിതാനങ്ങളിലുള്ള ദേഹങ്ങള്‍ തന്നെ. ചരം, അചരം എന്ന തരംതിരിവുപോലും സ്വഭാവവ്യത്യാസത്തെ മാത്രം കണക്കാക്കിയുള്ളതാണ്.
ദേഹങ്ങളുടെ ഘടനയും സ്വഭാവവും നിരീക്ഷിച്ച് അവയില്‍ പരംപൊരുളിന്റെ സാന്നിധ്യവും സ്ഥിതിയും പ്രാമാണ്യവും കണ്ടെത്തുന്നു. ദേഹത്തിലെ ചൈതന്യത്തെ ദേഹി എന്നു പറയുന്നു. ജീവന്‍ ഉള്ളത്, ഇല്ലാത്തത് എന്ന (നാം നിശ്ചയിക്കുന്ന) തരംതിരിവില്‍ 'സജീവം' എന്ന ഇനത്തില്‍ പെടുന്നവയെ (വളര്‍ച്ചയും പുനരുത്പാദനശേഷിയും ഉള്ളതിനെ) സംബന്ധിച്ചിടത്തോളം, ഈ ചൈതന്യത്തെ വേറിട്ടൊരു ജീവന്‍ എന്നു വിളിക്കുന്നു. ഈ ജീവനും ദേഹവും അനാദിയായ പരംപൊരുളും തമ്മിലുള്ള ബന്ധത്തെയാണ് പഠിക്കാനുള്ളത്. അതിന് ശരീരത്തെയും അതിനെ ഉരുവപ്പെടുത്തുന്ന പ്രകൃതിയെയും ആ പ്രകൃതിയുടെ ഉള്ളുകള്ളികളെയും അപഗ്രഥിച്ചറിയണം.
(തുടരും)





