
ഗീതാദര്‍ശനം - 439
Posted on: 24 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
എല്ലാ നദികളും സ്വാഭാവികമായി സമുദ്രത്തിലേക്ക് തിരിയുന്നപോലെ എല്ലാ ജീവനും പ്രപഞ്ചജീവനോട് സഹജാഭിമുഖ്യമുണ്ട്. അതിനാല്‍ ജീവനില്‍ ഭക്തി സാര്‍വലൗകികമായ നൈസര്‍ഗികധര്‍മമാണ്. അഥവാ, ഏവര്‍ക്കും ധര്‍മ്യമായിട്ടുള്ളതാണ്. ജീവന്റെ ഏറ്റവും അടിസ്ഥാനപരമായ കഴിവ് സ്‌നേഹിക്കാനുള്ള ശേഷിയാണ്. ഭക്തിയുടെ കാര്യത്തില്‍ ഈ കഴിവ് സായുജ്യമടയാന്‍കൂടി ഉപാധിയായിരിക്കയാല്‍ ഭക്തിയെ ധര്‍മ്യം എന്നു മാത്രമല്ല അമൃതം എന്നുകൂടി വിശേഷിപ്പിക്കുന്നു.
ഭക്തിയെ പരാമര്‍ശിക്കുന്ന ഈ അദ്ധ്യായത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പൂജാവിധിയേയോ ആചാരത്തേയോ ഏതെങ്കിലും വിഗ്രഹത്തേയോ യാഗയജ്ഞാദി കര്‍മാനുഷുാനങ്ങളേയൊ പരാമര്‍ശിക്കുന്നില്ല. ക്ഷേത്രങ്ങളേയോ ക്ഷേത്രസംസ്‌കാരത്തേയോപറ്റിയും മറ്റുള്ള ആരാധനാലയങ്ങളെപ്പറ്റിയും ഒന്നുമേ പറയുന്നില്ല. ഭക്തന് ഭഗവാനിലെത്താന്‍ അവലംബിക്കേണ്ട ജീവിതചര്യയും മനോനിലയുമാണ് അവതരിപ്പിച്ചത്. ഇപ്പറഞ്ഞതിലെങ്ങും, ആള്‍ക്കൂട്ടപ്രാര്‍ഥനകളിലും സംഘടിതങ്ങളായ ആര്‍പ്പുവിളികളിലും പ്രകടമാകുന്നത് ഭക്തിയാണെന്ന പക്ഷമില്ല. മനുഷ്യരില്‍ ഏതെങ്കിലുമൊരു വിഭാഗം ഭക്തിക്ക് അര്‍ഹരല്ലെന്ന് വക തിരിച്ചിട്ടില്ല. ഏതൊരാളേക്കാളും മറ്റാര്‍ക്കെങ്കിലും ഭക്തിക്ക് അര്‍ഹത ഒരു പടി കൂടുതലുണ്ടെന്ന സൂചനയുമില്ല. എല്ലാ സ്ഥലകാലങ്ങളിലെയും നരന്‍മാരെയെല്ലാം ഒന്നാകെയാണ് അഭിസംബോധന ചെയ്യുന്നത്. എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരവും അമൃതതുല്യം സ്വാദിഷ്ഠവുമായ ഭക്തിയെന്ന ജന്‍മസാഫല്യം വിളമ്പിവെച്ച വിരുന്നിലേക്ക് ഏവരെയും വാത്സല്യപൂര്‍വം ക്ഷണിച്ചുകഴിഞ്ഞു.
ഇതി ഭക്തിയോഗോ നാമ ദ്വാദശോ fധ്യായഃ
ഭക്തിയോഗമെന്ന പന്ത്രണ്ടാമധ്യായം സമാപിച്ചു.





