githadharsanam

ഗീതാദര്‍ശനം - 438

Posted on: 24 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


തന്റെ പ്രിയപ്പെട്ട യജമാനന്‍േറതായാലും വീട് കത്തി ചാമ്പലായാല്‍ അതില്‍ ചുരുണ്ടുകിടക്കുന്ന സുഖം നായ്ക്കള്‍ സങ്കല്പിക്കുമെന്നൊരു പറച്ചിലുണ്ട്.

മനുഷ്യരുടെ രഹസ്യമോഹങ്ങളെ കളിയാക്കാനുണ്ടായ ഈ പറച്ചില്‍, അനികേതന്‍ എന്ന വാക്കിന്റെ അര്‍ഥനിര്‍ണയത്തില്‍ പ്രസക്തമാണ്. ഏത് ചുറ്റുപാടിലും സ്ഥിരമായി തങ്ങിയാല്‍ അവിടത്തെ ചെറിയചെറിയ കാര്യങ്ങളോടുപോലും മനസ്സില്‍ മമത ഉടലെടുക്കാറുണ്ട്.

രാജാവ് തപസ്സു ചെയ്യാന്‍ പോയാലും അവിടെ ക്രമേണ ഒരുകൊട്ടാരം ഉയരുന്നു. സുഖദുഃഖങ്ങളെ സമമായിക്കാണാന്‍ ശീലിക്കണമെങ്കില്‍ പ്രത്യേക സാഹചര്യങ്ങളോടുള്ള മനസ്സിന്റെ ഈ ബന്ധനത്തെയും അതിക്രമിക്കേണ്ടതുണ്ട്.
സ്ഥലം, കാലം, ചുറ്റുപാടുകള്‍, ബാഹ്യവും ആന്തരികവുമായ ചെയ്തികളും നിലപാടുകളും എന്നിങ്ങനെ എല്ലാറ്റിനെയും സംബന്ധിച്ച് ഭക്തന് ഉണ്ടായിരിക്കേണ്ട മുപ്പത്തിയാറ് നിശ്ചയങ്ങളാണ് ഇതുവരെ പറഞ്ഞത്. നരന്മാരില്‍ ഇങ്ങനെയുള്ള ഭക്തര്‍ ആരുണ്ടോ അവരാണ് പ്രപഞ്ചജീവന് പ്രിയപ്പെട്ടവര്‍. അഥവാ, നരജന്മം കിട്ടിയവരൊക്കെ പിന്‍തുടരേണ്ട വഴിയാണ് ഇതെന്നു ചുരുക്കം.

യേ തു ധര്‍മ്യാമൃതമിദം
യഥോക്തം പര്യുപാസതേ
ശ്രദ്ധാനാ മത്പരമാഃ
ഭക്താസ്‌തേശതീവ മേ പ്രിയാഃ

എന്നെത്തന്നെ പരമലക്ഷ്യമായി കരുതി, ഈ ധര്‍മ്യാമൃതത്തെ ഇപ്പറഞ്ഞ പടി ആരെല്ലാം വേണ്ടുംവണ്ണം ഉപാസിക്കുന്നുവോ ആ ഭക്തന്മാര്‍ എനിക്ക് അത്യന്തം പ്രിയരാകുന്നു.

(തുടരും)



MathrubhumiMatrimonial