githadharsanam

ഗീതാദര്‍ശനം - 437

Posted on: 23 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


നമ്മെ നിന്ദിക്കുന്നവരും സ്തുതിക്കുന്നവരും അവരുടെ ആവേശഭാരം ഇറക്കിവെക്കുന്നത് നമ്മുടെ അഹംഭാവമെന്ന അത്താണിയിലാണ്. അഹംഭാവമില്ലെന്ന് നല്ല നിശ്ചയമുള്ള ആളുകളെയും ഉരുപ്പടികളെയും ആരും നിന്ദിക്കയോ പുകഴ്ത്തുകയോ ഇല്ല. പൂവിന്റെ ചന്തം ആസ്വദിക്കയല്ലാതെ അതിനെ ആരും സ്തുതിക്കാറില്ല. നാറുന്ന ഗട്ടറിനെ ആരും നിന്ദിക്കാറുമില്ല. അലക്കുകല്ലിനോട് അലക്കുകാരന് നിന്ദയോ നന്ദിയോ അവജ്ഞയോ ആദരമോ ഒന്നും പതിവില്ല. അഹംഭാവത്തിന്റെ കുമിള ഉടഞ്ഞാല്‍ ഈവക ശല്യങ്ങളെല്ലാം ഒന്നാകെ ഒഴിഞ്ഞു.

അഹംഭാവം വേരോടെ പിഴുതുകളയാന്‍ ഒരുവഴിയുണ്ട്. അകത്തും പുറത്തുമുള്ള സംസാരം കുറയ്ക്കുക. സംസാരം കൂടുമ്പോള്‍ അഹങ്കാരം വളരും. പ്രാസംഗികര്‍ പറഞ്ഞുപറഞ്ഞു കത്തിക്കയറി അരുതാത്തതും പറഞ്ഞുപോകുന്നത് ഇതിനാലാണ്. ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തതാണ് പറഞ്ഞുപോയ വാക്കെന്ന് പഴമക്കാര്‍ താക്കീതുതരുന്നു. ശത്രുമിത്രഭേദവും മാനാപമാനങ്ങളും നിന്ദാസ്തുതികളും നമ്മുടെ നേര്‍ക്കോ നമ്മില്‍നിന്നോ സംഭവിക്കുന്നത് നമ്മുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ഫലമായാണ്. പ്രവൃത്തികളാകട്ടെ, നാം പരസ്യമായി ലോകത്തോടോ നമ്മുടെ ഉള്ളില്‍ നമ്മോടുതന്നെയോ പറയുന്ന വാക്കുകളുടെ തുടര്‍ച്ചയാണ്. അതിനാല്‍ ബാഹ്യവും ആന്തരികവുമായ മൗനം സമാധാനത്തിനുള്ള മരുന്നാണ്.

ജീവിതാന്ത്യംവരെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോഴേ മാര്‍ഗം കണ്ടുവെക്കാന്‍ പെടാപ്പാടുപെടുന്ന നമുക്ക് നാം വെക്കുന്ന അടുത്ത കാലടിക്ക് താങ്ങായി കാല്‍ക്കീഴില്‍ ഉറച്ചഭൂമി ഉണ്ടാകുമെന്നോ നമ്മുടെ ഹൃദയത്തിന്റെ ഇപ്പോഴത്തെ മിടിപ്പ് അവസാനത്തേത് ആകില്ലെന്നോ നൂറുശതമാനവും ഉറപ്പുവരുത്താനാകുമോ? ഒരു മനുഷ്യജീവി എന്ന നിലയില്‍ നമുക്കുള്ള ധര്‍മം നാം അനുഷ്ഠിച്ചാല്‍ നമുക്കാവശ്യമുള്ളതൊക്കെ വന്നോളും എന്ന മനസ്സുറപ്പാണാവശ്യം. ആ ഉറപ്പ് എല്ലാവര്‍ക്കുമുണ്ടായാല്‍ ഭൂമിയിലെ എല്ലാ ഇല്ലായ്മകളും ആ നിമിഷത്തില്‍ അവസാനിക്കുമെന്ന് സ്​പഷ്ടമാണ്. ക്രൂരജീവിയായ സിംഹംപോലും തനിക്ക് ആജീവനാന്തം തിന്നാനുള്ള വക ഒറ്റയടിക്ക് വേട്ടയാടി ഗുഹയില്‍ വലിച്ചെത്തിക്കാന്‍ നോക്കാറില്ല. മൂലധനത്തിന്റെ കാര്യംതന്നെയാണ് ഇവിടെ ചിന്താവിഷയം. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ആരുടെയും സ്വകാര്യസ്വത്തല്ല. അവയില്‍ ഒന്നിന്റെയും കൊള്ളക്കൊടുക്കയില്‍നിന്ന് ഒരു 'ലാഭ'വും ആരും ഉണ്ടാക്കിക്കൂടാ. നമ്മുടെ സാമ്പത്തികശാസ്ത്രം അപ്പാടെ പൊളിച്ചെഴുതിയേ ഭൂമുഖത്ത് ശാന്തിയുണ്ടാകൂ. ഉത്പന്നങ്ങളും സേവനങ്ങളും കച്ചവടച്ചരക്കുകളല്ല ആകേണ്ടത്.

(തുടരും)



MathrubhumiMatrimonial