
ഇന്ത്യ ഇ-മാലിന്യ ഭീഷണിയിലെന്ന് യു.എന്‍
Posted on: 22 Feb 2010
2020 ആകുമ്പോഴേക്കും രാജ്യത്ത് ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളുടെ സംഖ്യ 500 ശതമാനം വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്


ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങള്‍ ഗുരുതരമായ ഇലക്ട്രോണിക് മാലിന്യ (ഇ-മാലിന്യം) ഭീഷണി നേരിടുകയാണെന്നും അതിനെതിരെ അടിയന്തര നപടി വേണമെന്നും ഐക്യരാഷ്ട്രസഭ (യു.എന്‍) മുന്നറിയിപ്പ് നല്‍കി.
2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഉപയോഗശൂന്യമായ പഴയ കമ്പ്യൂട്ടറുകളുടെ സംഖ്യ 500 ശതമാനം വര്‍ധിക്കുമെന്ന് യു.എന്‍.കണക്കാക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉപയോഗം കഴിഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുന്നുകൂടുകയാണ്.
ഇന്ത്യയുള്‍പ്പടെ 11 വികസ്വരരാഷ്ട്രങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഇ-മാലിന്യമുയര്‍ത്തുന്ന ഭീഷണിയുടെ യഥാര്‍ഥ മുഖം വ്യക്തമായത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ശ്രമിച്ചില്ലെങ്കില്‍ അത് പരിസ്ഥിതിക്ക് വന്‍ആഘാതം സൃഷ്ടിക്കുമെന്നും പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്നും സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
സര്‍വ്വെയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ഇ-മാലിന്യ (E-waste) ത്തിന്റെ ഇപ്പോഴത്തെ തോത് കണക്കാക്കിയിട്ട്, ഇന്നത്തെ നിലയ്ക്ക് അടുത്ത പതിറ്റാണ്ടില്‍ അതെത്രത്തോളം വര്‍ധിക്കാം എന്നാണ് യു.എന്‍.പരിശോധിച്ചത്.
ഉപയോഗം കഴിഞ്ഞ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഇലക്ട്രോണ്ക് ഉപകരണങ്ങള്‍ എന്നിവയാണ് ഇ-മാലിന്യമായി മാറുന്നത്. ആഗോളതലത്തില്‍ ഇ-മാലിന്യത്തിന്റെ വര്‍ധന പ്രതിവര്‍ഷം 400 ലക്ഷം ടണ്‍ എന്ന കണക്കിനാണ്. സമ്പന്നരാഷ്ട്രങ്ങളിലും ദരിദ്രരാഷ്ട്രങ്ങളിലും ഉപഭോക്താക്കള്‍ പഴയവ ഉപേക്ഷിച്ച് പുതിയ ഉപകരണങ്ങള്‍ വാങ്ങുക വഴിയാണ് ഇ-മാലിന്യം വര്‍ധിക്കുന്നത്.
സമ്പന്നരാഷ്ട്രങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകളും മൊബൈല്‍ഫോണുകളും മറ്റും എത്തുന്നത് ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാഷ്ട്രങ്ങളിലാണ്. അതാണ് അത്തരം രാഷ്ട്രങ്ങളില്‍ ഇ-മാലിന്യഭീഷണി വര്‍ധിക്കാന്‍ കാരണം.
2007-ലെ തോതുവെച്ച്, 2020 ആകുമ്പോഴേക്കും ചൈനയിലും ദക്ഷിണാഫ്രിക്കയിലും പഴയ കമ്പ്യൂട്ടറുകളില്‍ നിന്നുള്ള ഇ-മാലിന്യത്തിന്റെ അളവ് 400 ശതമാനം വര്‍ധിക്കുമെന്ന് യു.എന്‍.റിപ്പോര്‍ട്ട് പറയുന്നു. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഇ-മാലിന്യത്തിന്റെ കാര്യത്തില്‍, ചൈനയില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടാകുമ്പോള്‍, ഇന്ത്യയില്‍ അത് 18 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു.
കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ഉപയോഗിച്ചിട്ടുള്ള വിലകൂടിയ ലോഹങ്ങള്‍ വീണ്ടെടുക്കാനായി, ഇ-മാലിന്യം സന്തോഷത്തോടെ ഏറ്റുവാങ്ങുന്ന ചില രാജ്യങ്ങളുണ്ടെന്ന് യു.എന്‍.റിപ്പോര്‍ട്ട് പറയുന്നു.
ലോകത്ത് ഖനനം ചെയ്യപ്പെടുന്ന സ്വര്‍ണം, വെള്ളി എന്നിവയുടെ മൂന്ന് ശതമാനം വീതം ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും നിര്‍മാണത്തിലാണ്. പല്ലാഡിയം 13 ശതമാനവും കൊബാള്‍ട്ട് 15 ശതമാനവും ഈ മേഖലയില്‍ ഉപയോഗിക്കപ്പെടുന്നു.
എന്നാല്‍, ഇ-മാലിന്യത്തില്‍ നിന്ന് ഇത്തരം ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ പല രാജ്യങ്ങളിലും നടക്കുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും പ്രശ്‌നങ്ങളുണ്ടാക്കുന്ന വിധത്തില്‍ ആശാസ്ത്രീയമായ മാര്‍ഗങ്ങളാണ്. പുറമ്പോക്കിലിട്ട് കത്തിക്കുകയാണ് ഇതിനായി പലയിടത്തും അവലംബിക്കുന്ന മാര്‍ഗം.
ചൈനയില്‍ ഇ-മാലിന്യസംസ്‌ക്കരണം നടക്കുന്നത് മുഖ്യമായും ഇത്തരം മാര്‍ഗത്തിലൂടെയാണ്. ചൈന മാത്രമല്ല, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങി പല രാജ്യങ്ങളിലും ഇത്തരം ഇ-മാലിന്യ'സംസ്‌ക്കരണം' നടക്കുന്നതായി യു.എന്‍. അണ്ടര്‍സെക്രട്ടറി ജനറലും യു.എന്‍.പരിസ്ഥിതി പ്രോഗ്രാമിന്റെ മേധാവിയുമായ ആച്ചിം സ്‌റ്റെയ്‌നര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, പ്രാദേശികതലത്തില്‍ നടക്കുന്ന കൂട്ടായ ശ്രമങ്ങള്‍ ഇ-മാലിന്യം കൂടുതല്‍ ഫലവത്തായി ശേഖരിക്കുകയും സംസ്‌ക്കരിക്കുകയും ചെയ്യാന്‍ സഹായിക്കുമെന്ന് യു.എന്‍.റിപ്പോര്‍ട്ട് പറയുന്നു. അതിന് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ബാംഗ്ലൂരില്‍ നടക്കുന്ന ഇ-മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളാണ്.
Tags: e-waste, electronic waste, India, environment, United Nations




