githadharsanam

ഗീതാദര്‍ശനം - 436

Posted on: 21 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


'ഞാന്‍' എന്ന് വേറിട്ടൊരു പ്രതിച്ഛായ ഉണ്ടെന്നു വരികിലേ അതിന് അനുകൂലവും പ്രതികൂലവുമായി നിലപാടുകളെ വേര്‍തിരിക്കേണ്ടൂ. ആ വേര്‍തിരിവാണ് ബന്ധു, ശത്രു എന്നുള്ള തരംതിരിവിന് ആസ്​പദം. ഇതേ വേര്‍തിരിവാണ് മാനാപമാനങ്ങളുടെയും നിദാനം. 'ഞാന്‍' എന്ന പ്രതിച്ഛായയ്ക്ക് മാറ്റുകൂട്ടുന്നു എന്ന് എനിക്കു തോന്നുന്നതൊക്കെ മാനം, മറിച്ചുള്ളത് അപമാനം. അഹംഭാവമില്ലാത്ത ആള്‍ക്ക് ഈ വ്യത്യാസങ്ങള്‍ ബാധകമല്ല. ബുദ്ധിയാണ് ഈ വ്യത്യാസങ്ങള്‍ തീരുമാനിക്കുന്നത്. ഈ തീരുമാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മിത്ര-ശത്രു ബാധകളും മാനാപമാനങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഈ കുരുക്ക് പിന്നെപ്പിന്നെ മുറുകുന്നു. അഹംഭാവത്തിന് കടിഞ്ഞാണിട്ടാല്‍ ബുദ്ധി ഇതില്‍നിന്ന് സ്വതന്ത്രമാകും. അതോടെ മനസ്സും ഇതിന്റെ ഭാവാനുഭവങ്ങളില്‍നിന്ന് മോചനം നേടും.
ശരീരത്തിന്റെ തലത്തിലാണ് ശീതോഷ്ണങ്ങള്‍ ഉണ്ടാകുന്നത്. തത്ത്വശാസ്ത്രത്തില്‍ ഈ പദം ശരീരത്തെ ബാധിക്കുന്ന എല്ലാ അനുഭവങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. അതുപോലെ 'സുഖദുഃഖങ്ങള്‍' മനസ്സിനെ ബാധിക്കുന്ന എല്ലാ അനുഭവങ്ങളെയും സൂചിപ്പിക്കുന്നു. തീക്കട്ടയെപ്പറ്റി നിനച്ചാല്‍ മനസ്സ് പൊള്ളിപ്പോവില്ല, സ്‌നേഹിക്കാനുള്ള ഒരാളുടെ കഴിവ് അലാസ്‌കയില്‍ ചെന്നാലും തണുത്തുറയ്ക്കില്ല.

ശീതോഷ്ണാദി ദ്വന്ദ്വങ്ങള്‍ക്ക് സ്വീകാര്യതയുടെ ആത്യന്തികമാനങ്ങള്‍ സുനിശ്ചിതങ്ങളല്ല. 'ഊഷ്മള'മായ വരവേല്പാണ് തണുത്ത നാട്ടുകാര്‍ക്കിഷ്ടം. ഭൂമദ്ധ്യരേഖാപ്രദേശത്തുകാരായ നമുക്ക് 'കുളിരേകുന്ന' സാന്ത്വനവും സ്വീകരണവുമാണ് പ്രിയം. നല്ല ചൂടുള്ള വെള്ളത്തില്‍ മുക്കിയ വിരല്‍ അത്രതന്നെ ചൂടില്ലാത്ത വെള്ളത്തില്‍ ഉടനെ താഴ്ത്തിയാല്‍ കുളിരാണ് അനുഭവപ്പെടുക. സുഖംതന്നെ മറ്റൊരു പരിതസ്ഥിതിയില്‍ ദുഃഖമായും ദുഃഖകാരണം തിരിഞ്ഞുമറിഞ്ഞ് സുഖമായും വരാറുണ്ട്. ശത്രു മിത്രമായും മറിച്ചും രൂപാന്തരപ്പെടാം. മാനാപമാനങ്ങള്‍ക്കും ഈ പരിണതി സ്വാഭാവികമാണ്. (കിട്ടിയ പുരസ്‌കാരം കഴിവിനെ മാനിച്ചല്ല, ആര്‍ക്കോ ദയ തോന്നിയിട്ടാണ് എന്ന് പിന്നീട് തെളിയുമ്പോഴത്തെ സ്ഥിതി ഉദാഹരണം.)

(തുടരും)



MathrubhumiMatrimonial