
ഗീതാദര്‍ശനം - 435
Posted on: 21 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
സുഖം തരുന്നതിനെയും ദുഃഖമുണ്ടാക്കുന്നതിനെയും വെവ്വേറെ കള്ളികളില്‍ തരംതിരിച്ചു വെക്കുന്ന സ്വഭാവം നമ്മുടെ മനസ്സിനുണ്ട്. നല്ലത്, ചീത്ത എന്ന് ഈ കള്ളികള്‍ക്ക് നാം ലേബലൊട്ടിക്കുന്നു. നല്ലതിനായി പരക്കംപായുന്നു, ചീത്ത ഒഴിവാക്കാനും ഓടുന്നു. ഒന്നു നിന്ന് നന്നായി ശ്വാസംകഴിക്കാന്‍ ഇടയില്ല. മരുന്ന് വിഷമായും വിഷം മരുന്നായും (ശുഭാശുഭങ്ങള്‍) പരസ്പരം സ്ഥാനം മാറുമ്പോഴും മനസ്സിലാകുന്നില്ല, ആത്യന്തികമായി രണ്ടും ഒന്നാണെന്ന്. വെവ്വേറെയായി കാണപ്പെടുന്ന ശുഭവും അശുഭവും ഒരുപോലെ എന്നു കരുതിയാല്‍ നെട്ടോട്ടം അവസാനിപ്പിക്കാം. മനസ്സ് അവയില്‍നിന്നു പിന്തിരിഞ്ഞ് പരമാത്മാവില്‍ സ്വസ്ഥമായി നിലയുറപ്പിക്കും. 'എന്റെ' നോട്ടത്തിലെ ശുഭമോ അശുഭമോ ഒക്കെ പ്രപഞ്ചജീവന്‍ എന്ന പ്രതിഭാസത്തിന്റെ വിവിധങ്ങളായ പ്രകടനങ്ങളാണ് എന്ന് ഭക്തന്‍ തിരിച്ചറിയുന്നു. ശുഭാശുഭങ്ങള്‍ രണ്ടും തന്റെ ധ്യാനവിഷയത്തിന്റെ വികൃതികളായി കാണുന്നു.
''ഇതോടെ ഉത്തമഭക്തന്റെ ഇരുപത്തിയാറ് വിശേഷങ്ങള്‍ പറഞ്ഞു. ഇനിയുമുണ്ട്.
സമഃ ശത്രൗ ച മിത്രേ ച
തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു
സമഃ സംഗവിവര്‍ജിതഃ
തുല്യനിന്ദാസ്തുതിര്‍മൗനീ
സന്തുഷേ്ടാ യേനകേനചിത്
അനികേതഃ സ്ഥിരമതിഃ
ഭക്തിമാന്‍ മേ പ്രിയോ നരഃ
ശത്രുവിലും മിത്രത്തിലും അതുപോലെ മാനത്തിലും അപമാനത്തിലും സമഭാവനയുള്ളവനും ചൂട്, തണുപ്പ്, സുഖം, ദുഃഖം എന്നിവയെ ഒരുപോലെ കാണുന്നവനും ഒന്നിനോടും ആസക്തി ഇല്ലാത്തവനും നിന്ദയും സ്തുതിയും തുല്യമായി കാണുന്നവനും അകത്തും പുറത്തും പറച്ചിലൊതുക്കിയവനും എവ്വിധമുള്ള എന്തു കിട്ടിയാലും സന്തോഷിക്കുന്നവനും എവിടെയും ചടഞ്ഞുകൂടാത്തവനും (പരമാത്മസ്വരൂപത്തില്‍) ഉറച്ച ചിത്തമുള്ളവനും ഭക്തനുമായ മനുഷ്യന്‍ എനിക്കു പ്രിയനാകുന്നു.
(തുടരും)





