githadharsanam

ഗീതാദര്‍ശനം - 434

Posted on: 17 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


യോ ന ഹൃഷ്യതി ന ദ്വേഷ്ടി
ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ
ഭക്തിമാന്‍ യഃ സ മേ പ്രിയഃ

ആര്‍ ആഹ്ലാദിക്കാതിരിക്കുന്നുവോ, ദ്വേഷിക്കാതിരിക്കുന്നുവോ, ദുഃഖിക്കാതിരിക്കുന്നുവോ, ആശിക്കാതിരിക്കുന്നുവോ, ശുഭാശുഭങ്ങള്‍ (എന്ന ബോധത്തെ) കൈവെടിഞ്ഞ ആ ഭക്തന്‍ എനിക്കു പ്രിയനാകുന്നു.

സന്തോഷിക്കയോ വ്യസനിക്കയോ ആഗ്രഹിക്കുകയോ അമര്‍ഷംകൊള്ളുകയോ, നല്ലതും ചീത്തയും തിരിച്ചറിയണമെന്നു നിശ്ചയിക്കയോ ഒന്നും ചെയ്യാത്ത ഒരുവന്‍ ഒരുവെറും മരപ്പാവയെപ്പോലെ ഇരിക്കില്ലേ? ചത്തതിനൊക്കുമേ എന്നാവില്ലേ അവന്റെ കഥ?

ഉവ്വ്, അക്ഷരാര്‍ഥത്തിലെടുത്താല്‍ അങ്ങനെ തോന്നാം. പക്ഷേ, വികാരങ്ങളേ ഇല്ലാത്ത അവസ്ഥയല്ല പ്രതിപാദ്യം. വികാരങ്ങള്‍ ജീവാവസാനംവരെ അനിവാര്യമാണ്. ആ വികാരങ്ങളോടുള്ള ആശാസ്യമായ സമീപനത്തെയാണ് പരാമര്‍ശിക്കുന്നത്.

കിട്ടാന്‍ പ്രയാസമുള്ള വിലയേറിയ എന്തെങ്കിലും കിട്ടുമ്പോഴുണ്ടാകാവുന്ന മതിമറന്ന ആഹ്ലാദമാണ് ഹര്‍ഷം. അനിഷ്ടകരമായതിനോടുള്ള മനോഭാവം ദ്വേഷം. ഈ വിപരീതങ്ങള്‍ ഒരേ ഊഞ്ഞാലാട്ടത്തിന്റെ രണ്ടറ്റങ്ങളാണ്. ആട്ടം നിലച്ചാലേ വിപരീതദിശകളില്‍നിന്നുള്ള കാറ്റ് മുഖത്തും പുറത്തും അടിക്കുന്നത് ഒഴിവാക്കാന്‍ പറ്റൂ. ഭക്തന് ഈ ചാഞ്ചാട്ടമില്ല.

കൈയിലില്ലാത്ത ഒന്ന് കിട്ടണമെന്ന തോന്നലാണ് കാംക്ഷ (ആഗ്രഹം). ഇഷ്ടവസ്തു നഷ്ടമായാല്‍ ദുഃഖമുണ്ടാകുന്നു. ഇതും ഒരു ഊഞ്ഞാലാട്ടത്തിന്റെ രണ്ടറ്റങ്ങള്‍തന്നെ. ഒരു ഊഞ്ഞാലിന്റെയും ആട്ടത്തിന് ഒരറ്റത്തുമാത്രം നില്‍ക്കാനാവില്ല എന്ന് അറിവുള്ളതിനാല്‍ ഭക്തന്‍ താനായിട്ട് ഒട്ടും കുതിക്കാതെ ഊഞ്ഞാലിന്റെ ആട്ടം സ്വയം നിലയ്ക്കാന്‍ ഇടയാക്കുന്നു.

(തുടരും)



MathrubhumiMatrimonial