githadharsanam

ഗീതാദര്‍ശനം - 433

Posted on: 16 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


മനഃസ്ഥിതിയുടെ പ്രതിഫലനമാണ് പരിസ്ഥിതി. അകത്തില്ലാത്ത വൃത്തി പുറത്തുണ്ടാവില്ല. ഉണ്ടായാലും നിലനില്‍ക്കില്ല. ശുചിത്വമില്ലെങ്കില്‍ ദേഹവും മനസ്സും ചൊറിയും. ചുറ്റുപാടില്‍ കൊതുകും ഈച്ചയും അണുക്കളും പെരുകും. ഇവയുടെ പ്രതിരൂപങ്ങള്‍ മനസ്സിലുമുയിര്‍ക്കും. രാഗദ്വേഷങ്ങളാണ് മനസ്സിലെ ചൊറിയുടെ പ്രധാനവളങ്ങള്‍. ധ്യാനിക്കണമെങ്കില്‍ എല്ലാ വിധ ചൊറികളും അടങ്ങണം.

ഉദാസീനന്‍ എന്ന വാക്കിന് മലയാളഭാഷയില്‍ നാട്ടുനടപ്പുള്ള അര്‍ഥമല്ല ഇവിടെ. 'തനിക്ക് പ്രത്യേകമായ' താത്പര്യം ഇല്ലാത്തവനാണ് ഇവിടെ പറയുന്ന ഉദാസീനന്‍. യഥാര്‍ഥഭക്തന് 'തന്‍കാര്യം' എന്ന ഒന്ന് ഉണ്ടാവില്ല. തന്‍േറതായുള്ള പ്രത്യേകതാത്പര്യം ഒരു വിധേയത്വമാണ്. ഏതെങ്കിലും ഇന്ദ്രിയാനുഭൂതി മനസ്സില്‍ ശേഷിപ്പിക്കുന്ന സങ്കല്പവുമായി അതിന് ബന്ധമുണ്ട്. മനസ്സിന്റെ വിശാലമായ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് ഫലം. കുറ്റിയില്‍ തളച്ച പശുവിനെപ്പോലെ ആ താത്പര്യത്തിന്റെ ഇത്തിരിവട്ടത്താവും പിന്നെ മേച്ചില്‍. വിശ്വമെന്ന വിശാലമായ മേച്ചില്‍പ്പുറം നഷ്ടമാകുമെന്നതിനു പുറമെ മനസ്സിനെ ശുദ്ധബോധത്തില്‍ അര്‍പ്പിക്കാന്‍ പറ്റാതെയുമാകും.വ്യഥയില്ലെങ്കിലേ ശാന്തി കിട്ടൂ. ജീവിതം പുരോഗമിക്കെ, കിട്ടാത്തതും നഷ്ടപ്പെട്ടതുമെല്ലാം വ്യഥകളുടെ നീണ്ട പട്ടികയില്‍ മേല്‍ക്കുമേല്‍ വന്നുചേര്‍ന്നുകൊണ്ടേ ഇരിക്കും. ചീഞ്ഞളിയും എന്നതാണ് ദുഃഖങ്ങളുടെ പ്രധാനദോഷം. മനസ്സ് ഒരു വലിയ കുപ്പത്തൊട്ടിയാവും. നമുക്കുതന്നെ വീര്‍പ്പുമുട്ടുകയും ഓക്കാനം വരികയും ചെയ്യുന്ന അവസ്ഥയാകും. വ്യഥാമാലിന്യം അപ്പപ്പോള്‍ സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ നിത്യശുദ്ധിയായി. ഭക്തന്‍ വ്യഥകളെ ശരിയായ അറിവിന്റെ ചൂളയില്‍ ഉടനുടന്‍ ഹോമിക്കുന്നു.

കൃഷിയോ കൈത്തൊഴിലോ സമൂഹം ഏല്പിച്ച മറ്റെന്തെങ്കിലും ജോലിയോ ഒന്നുംതന്നെ ഒരിക്കലും തുടങ്ങാത്തവനല്ല സര്‍വാരംഭപരിത്യാഗി. തനിക്കു മാത്രമായി നേട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ച് ഒന്നും ചെയ്യാത്തവനാണ്. താന്‍ ഒരുക്കിയ ചൂണ്ടല്‍ക്കൊക്കി താന്‍തന്നെ വിഴുങ്ങി പിടയുന്ന അവസ്ഥയാണ് തന്‍കാര്യം മുന്‍കാര്യം എന്ന സമീപനക്കാര്‍ക്കുണ്ടാവുക. കാര്യം നേടിയാലും കുടുങ്ങി, ഇല്ലെങ്കിലും കുടുങ്ങി. നേടിയാല്‍ അടുത്ത കാര്യം അല്ലെങ്കില്‍ ഇതേ കാര്യത്തിലെ അടുത്ത പടി ആരംഭിക്കണം. നേടിയില്ലെങ്കില്‍ വ്യഥയും അമര്‍ഷവുമായി. രണ്ടായാലും സമാധാനം പോയിക്കിട്ടി. താന്‍ വേറിട്ടൊരു അസ്തിത്വമാണെന്ന് ഭക്തന്‍ കരുതുന്നില്ല, അതിനാല്‍ തനിക്കു മാത്രമായി നേട്ടമുണ്ടാക്കാന്‍ ഒന്നും തുടങ്ങുന്നില്ല. പിന്നെയോ, താന്‍ ഉള്‍പ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ 'നേട്ടങ്ങള്‍'ക്കായി അനവരതം പ്രയത്‌നിക്കുന്നു.

(തുടരും)



MathrubhumiMatrimonial