കടല്‍ തിളയ്ക്കുന്നു; കൊച്ചിയിലും തിരുവനന്തപുരത്തും ചൂടേറുന്നു

Posted on: 15 Feb 2010

-എസ്.എന്‍. ജയപ്രകാശ്‌




തിരുവനന്തപുരം: കടലിലെ താപനില ഉയരുന്നതും കടല്‍കാറ്റ് വൈകുന്നതുംമൂലം തിരുവനന്തപുരത്തും കൊച്ചിയിലും ചൂടുകൂടുന്നു. ആഗോള താപനമാണ് സമുദ്ര താപനില ഉയരുന്നതിന് കാരണമായി കരുതുന്നത്.

ഫിബ്രവരി ഒന്നുമുതല്‍ 14 വരെ തിരുവനന്തപുരത്തെ ശരാശരി താപനിലയില്‍ 1.3 ഡിഗ്രിയുടെയും, കൊച്ചിയില്‍ 0.8 ഡിഗ്രിയുടെയും വര്‍ധനയുണ്ടായതായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. സന്തോഷ് പറഞ്ഞു. ഫിബ്രവരിയില്‍ തിരുവനന്തപുരത്തെ സാധാരണ താപനില 32 ഡിഗ്രിയാണ്. എന്നാല്‍ ഇത്തവണ ഇത് 33.3 ഡിഗ്രിയാണ്. കൊച്ചിയിലേത് 32 ഡിഗ്രിയില്‍ നിന്ന് 32.8 ഡിഗ്രിയായി ഉയര്‍ന്നു.

എന്നാല്‍ കോഴിക്കോട്ട് സാധാരണ താപനിലയിലും കുറവാണ്. ഫിബ്രവരിയില്‍ ഇതുവരെയുള്ള ദിവസങ്ങളില്‍ 31.3 ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെട്ട ശരാശരി താപനില. വടക്കുനിന്നുള്ള തണുത്ത കാറ്റ് കാരണമാണ് വടക്കന്‍ കേരളത്തില്‍ ചൂട് കൂടാതിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നു.

കടല്‍കാറ്റ് കടന്നുകയറുമ്പോഴാണ് കരയില്‍ ചൂട് കുറയുന്നത്. ആഗോളതാപനം കാരണം അറബിക്കടലിന്റെ ചൂട് കൂടിനില്‍ക്കുകയാണ്. ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി തുടങ്ങിയ ദ്വീപുകളിലെ താപനില പരിശോധിച്ചാല്‍ ഈ വര്‍ധന മനസ്സിലാവും. ഇവിടങ്ങളില്‍ ഇപ്പോള്‍ ശരാശരി ചൂടില്‍ രണ്ട് ഡിഗ്രിവരെ വര്‍ധനയുണ്ട്.

കരയുടെ താപനില കടലിലേതിനെക്കാള്‍ കൂടിനിന്നാലേ കടല്‍ക്കാറ്റ് വരൂ. തിരുവനന്തപുരത്ത് അറബിക്കടലില്‍ നിന്നും രാവിലെ 10 മണിയോടെ വീശിയിരുന്ന കാറ്റ് ഇപ്പോള്‍ എത്തുന്നത് ഉച്ചയ്ക്ക് 12 മണിക്കാണ്. കടല്‍ക്കാറ്റ് വൈകുന്നതിനാല്‍ രാവിലെ തന്നെ കടുത്ത ഉഷ്ണം അനുഭവപ്പെട്ടുതുടങ്ങും.

തിരുവനന്തപുരത്ത് താപനില ക്രമാതീതമാകാന്‍ മറ്റൊരു കാരണംകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിശദീകരിക്കുന്നുണ്ട്. ഇപ്പോള്‍ രാത്രിയിലും പുലര്‍ച്ചെയും ആകാശം മേഘാവൃതമായിരിക്കും. ഭൂമിയില്‍ വീഴുന്ന സൂര്യതാപം തിരിച്ച് വികിരണം ചെയ്യുന്ന പ്രതിഭാസത്തിന് ഇത് തടസ്സമാവുന്നു. കന്യാകുമാരിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തി കാരണമാണ് ഈ സമയങ്ങളില്‍ ആകാശം മേഘാവൃതമാവുന്നത്. ഇപ്പോള്‍ പ്രഭാതങ്ങളില്‍ 24 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ ചൂട്. രാവിലെതന്നെ ഉഷ്ണം അനുഭവപ്പെടാന്‍ ഇത് കാരണമാവുന്നു.

ഫിബ്രവരിമാസം തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് 2005 ഫിബ്രവരി 11നാണ്. 36.3 ഡിഗ്രിയായിരുന്നു അന്ന് അനുഭവപ്പെട്ടത്.
Tags:    global warming, sea level rise, Kerala climate, environment



MathrubhumiMatrimonial