
ഗീതാദര്‍ശനം - 432
Posted on: 15 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
ഗീത ഊന്നുന്നത് വ്യക്തിയിലാണ്. നല്ല ഇഷ്ടികകൊണ്ടല്ലെ നല്ല കെട്ടിടമുണ്ടാക്കാനാവൂ? ആത്മാനുഭൂതി വ്യക്തിനിഷ്ഠമാണ്, സമൂഹോത്പന്നമല്ല. സ്വയം ഭരിക്കാനാകാത്തവര്‍ക്ക് ആരെയും നന്നായി ഭരിക്കാനാവില്ല, ആരാലും നന്നായി ഭരിക്കപ്പെടാനുമാവില്ല. അത്തരക്കാര്‍ക്ക് നിയമങ്ങള്‍ അസ്വാതന്ത്ര്യമായി തോന്നും, അതേസമയം അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ അവരത് ദുരുപയോഗപ്പെടുത്തുകയും ചെയ്യും.
പ്രപഞ്ചജീവനുമായി താദാത്മ്യം പ്രാപിക്കലാണ് ജീവപരിണാമത്തിന്റെ ലക്ഷ്യമെന്നിരിക്കെ ആ വഴിയില്‍ ഓരോ ആള്‍ മുന്നേറുന്നതും പ്രപഞ്ചത്തിനൊട്ടാകെ പ്രിയങ്കരമാണെന്നു പറയാം. അങ്ങനെ മുന്നേറുന്നവരുടെ കുറെക്കൂടി ലക്ഷണങ്ങള്‍ ഇനി എണ്ണുന്നു.
അനപേക്ഷഃ ശുചിര്‍ദക്ഷഃ
ഉദാസീനോ ഗതവ്യഥഃ
സര്‍വാരംഭപരിത്യാഗീ
യോ മദ്ഭക്തഃ സ മേ പ്രിയഃ
അപേക്ഷകളില്ലാത്തവനും അകവും പുറവും ശുദ്ധിയുള്ളവനും ദക്ഷനും (ആത്മനിഷ്ഠകൊണ്ട് ശുദ്ധമായ ബുദ്ധിയുള്ളവനും അതിനാല്‍ ന്യായമായ തീരുമാനമെടുക്കാന്‍ കഴിവുള്ളവനും) ഒന്നിലും പ്രത്യേകതാത്പര്യമില്ലാത്തവനും വ്യാകുലതയറ്റവനും (തന്റെ എന്ന ബോധത്തോടെ) ഒരു കാര്യവും ആരംഭിക്കാത്തവനുമായ എന്റെ ഭക്തന്‍ ആരോ അവന്‍ എനിക്കു പ്രിയനാകുന്നു.
കഴിഞ്ഞ രണ്ടു ശ്ലോകങ്ങളില്‍ നല്‍കിയ പതിന്നാലു സൂചനകളോട് ആറെണ്ണം കൂട്ടിച്ചേര്‍ക്കുന്നു.
അനപേക്ഷനാവുകയെന്നാല്‍ ജോലിക്കോ പാസ്‌പോര്‍ട്ടിനോ ഒന്നും അപേക്ഷിക്കരുത് എന്നല്ല. മനസ്സില്‍ അപേക്ഷകള്‍ ഉയിര്‍ത്തുകൊണ്ടേ ഇരിക്കുന്നതാണ് അപകടം. കിട്ടായ്മകള്‍ പെരുകുന്നതോടെ അവ ജീവിതം നിത്യനരകമാക്കും. തനിക്ക് എന്താണ് വേണ്ടതെന്നും എവിടെയാണ് ആ ആഗ്രഹങ്ങള്‍ക്ക് അറ്റമെന്നും അറിയാത്ത മനുഷ്യന് സമാധാനം എങ്ങനെ ഉണ്ടാകാന്‍? മറ്റുള്ളവര്‍ക്കുള്ളതും ഇല്ലാത്തതുമെല്ലാം തനിക്കുവേണമെന്ന് എല്ലാവരും അപേക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്തുണ്ടാകുമെന്ന് സ്വന്തം ചുറ്റുപാടുകളിലേക്കു നോക്കിയാല്‍ ഉടനെ അറിയാം. മനസ്സിന്റെ അപേക്ഷകളെല്ലാം വാങ്ങി കീറി ചവറ്റുകൂടയിലിട്ട് ശാന്തരാകാതെ ആര്‍ക്കും ധ്യാനിക്കാന്‍ കഴിയില്ല.
(തുടരും)





