
ഗീതാദര്‍ശനം - 430
Posted on: 12 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
ഇങ്ങനെയുള്ള ഭക്തന്‍ എനിക്കു പ്രിയപ്പെട്ടവന്‍ എന്ന പ്രസ്താവം പ്രാപണത്തിനുള്ള അനുഭാവസൂചനയാണ്. ഒരു ജീവന് ഇത്രയുമൊക്കെ പ്രേമം പരംപൊരുളിനോടുണ്ടായാല്‍ തിരികെ അനുകൂലഭാവമുണ്ടാകുമെന്നാണ് വിവക്ഷിതം. ഇതു പരംപൊരുളിന്റെ ഒരു വിശേഷഗുണമല്ല. പിന്നെയോ, സാരൂപ്യം ലഭിക്കുന്ന ഭക്തനും പരംപൊരുളും ഒന്നാകുന്നേരം ഭക്തന്റെ പ്രിയം പരംപൊരുളില്‍ ആരോപിതമാകുന്നു. അഥവാ, പ്രാപ്യസ്ഥാനത്തിന്റെ 'പ്രാപണസാധ്യത' (accessibility) )വര്‍ധിക്കുന്നു.
ഗീത പൂര്‍വികമായ ധാരണകള്‍ക്കുണ്ടായ അപചയത്തെ തിരുത്തുകയും ആ ധാരണകളുടെ മൂല്യം പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നു. ഭക്തിയെ പുനഃപ്രവചനം ചെയ്യുകയാണ് ഈ അധ്യായത്തില്‍. പരമമായ ഭക്തി എന്നാല്‍ സര്‍വോത്തമവും അത്യുന്നതവുമായ മൂല്യത്തെ ഇടവിടാതെ ധ്യാനിക്കലാണ്. (മറ്റൊന്നുമല്ല.) ഭക്തന്‍ ദൈവത്തില്‍ സങ്കല്പിക്കുന്ന മഹാഗുണങ്ങള്‍ ക്രമേണ ഭക്തനില്‍ വിളയുന്നു. താന്‍ സച്ചിദാനന്ദസ്വരൂപംതന്നെ എന്ന് ധ്യാനിക്കുന്ന ഒരുവനെ ആ ധ്യാനംതന്നെ ജ്ഞാനിയാക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനപോഷകമായ ധ്യാനംതന്നെ ഭക്തി. ആരില്‍ അറിവും ഭക്തിയും വേര്‍പിരിയാതെ ഒന്നിക്കുന്നുവോ അവനില്‍ യോഗം ഉറച്ചിരിക്കുന്നു.
ആ യോഗയുക്തനെ എങ്ങനെ തിരിച്ചറിയാം?
യസ്മാന്വോദ്വിജതേ ലോകഃ
ലോകാന്നോദ്വിചതേ ച യഃ
ഹര്‍ഷാമര്‍ഷഭയോദ്വോഗൈഃ
മുക്തോ യഃ സ ജ മേ പ്രിയഃ
ആരൊരാള്‍ നിമിത്തം ലോകം പ്രകോപിതമാകുന്നില്ലയോ, ലോകത്താല്‍ ആരൊരാള്‍ പ്രകോപിതനാകുന്നുമില്ലയോ, ഹര്‍ഷം, കോപം, ഭയം എന്നിവയില്‍നിന്ന് ആര്‍ മുക്തനുമാണോ അവന്‍ എനിക്കു പ്രിയനാകുന്നു.
(തുടരും)





