githadharsanam

ഗീതാദര്‍ശനം - 429

Posted on: 11 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


സകല ചരാചരങ്ങളോടും ദ്വേഷമില്ലാത്തവനും എല്ലാവരോടും മിത്രഭാവത്തോടുകൂടിയവനും തന്റെ എന്ന വിചാരവും അഹന്തയും ഇല്ലാത്തവനും സുഖദുഃഖങ്ങളെ ഒരുപോലെ കരുതുന്നവനും ക്ഷമാശീലനും നിത്യസന്തുഷ്ടനും എപ്പോഴും എന്നോടുതന്നെ ചേര്‍ന്നിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും (പരമാത്മസാരൂപ്യമെന്ന) നിശ്ചയത്തില്‍ ഉറച്ചവനും മനസ്സിനെയും ബുദ്ധിയെയും എന്നില്‍ സമര്‍പ്പിച്ചവനുമായ എന്റെ ഭക്തന്‍ ആരോ അവന്‍ എനിക്കു പ്രിയനാകുന്നു.

ഈ പദ്യങ്ങളില്‍ പതിനൊന്നു വിശിഷ്ടഗുണങ്ങള്‍ പറഞ്ഞിരിക്കുന്നു. ഭക്തിയുടെ സല്‍ഫലങ്ങളായ ഈ ഗുണങ്ങള്‍ പരിപൂര്‍ണമനുഷ്യന്റെ സവിശേഷതകളാണ്. ഇത്രയും മെച്ചപ്പെട്ട ഒരാളാകാന്‍ ഭക്തിയിലൂടെയേ സാധിക്കൂ എന്നാണ് സൂചന. ഭക്തിയിലൂടെ കഴിയും എന്ന പ്രഖ്യാപനവുമാണിത്.

പ്രപഞ്ചജീവനെ പ്രേമിക്കുന്നവര്‍ക്ക് ചരാചരങ്ങളെ ഒന്നിനെയും ദ്വേഷിക്കാന്‍ കഴിയില്ല, സ്നേഹിക്കാനേ കഴിയൂ. സൗഹൃദവും കാരുണ്യവുമേ എല്ലാവരോടും എല്ലാറ്റിനോടും തോന്നൂ. താന്‍ എന്നൊന്ന് വേറിട്ടുണ്ടെന്ന് അയാള്‍ക്കു കരുതാനാവില്ല. അതിനാല്‍ ഞാന്‍ എന്ന ബോധം കൈവിട്ടുപോകും. ഞാന്‍ ഇല്ലെങ്കില്‍ എന്റെ ഇല്ലല്ലോ. നിരഹങ്കാരനായാല്‍ നിര്‍മമനുമായി.

അവ്യക്തമാധ്യമത്തിന്റെ അഥവാ അക്ഷരബ്രഹ്മത്തിന്റെ സ്വഭാവം വൈരുധ്യാത്മകമാണ്. അതിന്റെ ഉത്പന്നമായ ശരീരം ദ്വന്ദ്വമോഹങ്ങളുടെ തടവറയിലാണ് കഴിയുന്നത്. അതിനാല്‍, സുഖമുണ്ടെങ്കില്‍ ദുഃഖവും അനിവാര്യമാണ്. അതില്‍നിന്ന് പുറത്തു കടന്നു നില്ക്കാനുള്ള ഏകമാര്‍ഗം ദ്വന്ദ്വങ്ങളെ സമമായി കാണുകയാണ്. സമതുലനമാണ് ശാന്തി. സുഖദുഃഖങ്ങളെ പരംപൊരുളിന്റെ വ്യത്യസ്തപ്രഭാവങ്ങളായേ ഭക്തന്‍ അറിയൂ. തനിക്ക് എന്നുമുള്ള ഒരേ ഒരു കാര്യം ഈശ്വരന്‍ മാത്രമാണെന്നും മറ്റുള്ളവരും മറ്റെല്ലാതും ഏതെങ്കിലും രീതിയില്‍ നശിക്കുന്നതാണെന്നുമുള്ള അറിവ് അനുഭവമാകുമ്പോള്‍ ഭക്തിയുടെ രീതി മാറുന്നു. തനിക്ക് പ്രിയപ്പെട്ടതുമായി (ഈശ്വരനുമായി) താദാത്മ്യം പ്രാപിക്കാനായി ജീവിക്കേ യാതനയോ വേദനയോ സഹിക്കാന്‍ അയാള്‍ക്കു പ്രയാസമില്ല. അപാരമായ ക്ഷമ ഈ സന്നദ്ധതയുടെ ഫലമാണ്. തനിക്കു പ്രിയപ്പെട്ടതിന്റെ ഓര്‍മയില്‍ അയാള്‍ എപ്പോഴും സന്തുഷ്ടനാണ്. ആ ഓര്‍മയുമായി എപ്പോഴും ചേര്‍ന്നാണ് അയാളുടെ ഇരിപ്പ്. ഈശ്വരസാരൂപ്യമെന്ന ലക്ഷ്യം അയാളുടെ മനസ്സില്‍ ദൃഢമാണ്. മനസ്സും ബുദ്ധിയും പരംപൊരുളില്‍ സമര്‍പ്പിതമായിരിക്കുന്നു.
(തുടരും)



MathrubhumiMatrimonial