githadharsanam

ഗീതാദര്‍ശനം - 428

Posted on: 10 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


സര്‍വകര്‍മപരിത്യാഗം എന്ന ആശയത്തെ ഇവിടെ വീണ്ടും മുച്ചൂടും നിരാകരിക്കുന്നു. കര്‍മം ചെയ്യാത്തവന് കര്‍മഫലസങ്കല്പമെവിടെ? ഇല്ലാത്തതെങ്ങനെ ത്യജിക്കാന്‍? സര്‍വകര്‍മപരിത്യാഗിക്ക് കര്‍മഫലത്യാഗം ചെയ്യാന്‍ അവസരമേ ഇല്ല. കുട്ടിയെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ കൂടെ കുട്ടിയെത്തന്നെ ഉപേക്ഷിക്കുന്നപോലെയാണ് സര്‍വകര്‍മപരിത്യാഗം.
ത്യാഗമെന്നാല്‍ എന്താണെന്നുകൂടി നിര്‍വചിക്കുന്നു. കൈവശമുള്ളതു കൊടുക്കല്‍ ദാനമാണ്, ത്യാഗമല്ല. കര്‍മഫലം ഉപേക്ഷിക്കലാണ് ത്യാഗം. ഇതു മുന്‍കൂര്‍ ഉപേക്ഷയാണ്. എനിക്കു ചെയ്യാനുള്ളത് ഞാന്‍ ചെയ്യും, ഫലം കിട്ടുകയോ കിട്ടാതിരിക്കയോ എവ്വിധവുമാകട്ടെ എന്ന ധീരമായ നിലപാടിന്റെ സന്തതിയാണ് ആ മനോഭാവം. പരമാത്മഭക്തിയുടെ പ്രത്യക്ഷനിദര്‍ശനവുമാണത്. അതിന്റെ വിശേഷങ്ങള്‍ ഇനി എണ്ണിപ്പറയുന്നു.
അദ്വേഷ്ടാ സര്‍വഭൂതാനാം
മൈത്രഃ കരുണ ഏവ ച
നിര്‍മമോ നിരഹങ്കാരഃ
സമദുഃഖസുഖഃ ക്ഷമീ
സന്തുഷ്ടഃ സതതം യോഗീ
യതാത്മാ ദൃഢനിശ്ചയഃ
മയ്യര്‍പ്പിതമനോബുദ്ധിഃ
യോ മദ്ഭക്തഃ സ മേ പ്രിയഃ
(തുടരും)



MathrubhumiMatrimonial