
അപൂര്‍വ മാന്‍ഡരിന്‍ താറാവിനെ മീനാക്ഷിപുരത്ത് കണ്ടെത്തി
Posted on: 09 Feb 2010
-സ്വന്തം ലേഖകന്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലേക്ക് ഇതുവരെ ദേശാടനം നടത്തുന്നതായി കണ്ടിട്ടില്ലാത്ത മാന്‍ഡരിന്‍ താറാവിനെ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകനായ സത്യന്‍ മേപ്പയൂര്‍ ആണ് മാന്‍ഡരിന്‍ താറാവിനെ കണ്ടത്.
മീനാക്ഷിപുരത്ത് ഒരു വയലേലയുടെ സമീപം ചെറുജലസംഭരണിയില്‍ നീന്തിത്തുടിക്കുന്ന താറാവിനെയാണ്, തന്റെ നീരീക്ഷണ പര്യടനത്തിനിടെ കണ്ടതെന്ന് സത്യന്‍ മേപ്പയൂര്‍ അറിയിക്കുന്നു. ജനവരി അവസാന ആഴ്ചയിലായിരുന്നു അത്.
'ചൈനയില്‍ കാണപ്പെടുന്ന മാന്‍ഡരിന്‍ താറാവുകള്‍ (ഐക്‌സ് ഗലേരിക്കുലേറ്റ) അരുണാചല്‍ പ്രദേശത്തു വരെ എത്തുന്നതായേ രേഖപ്പെടുത്തിയിട്ടുള്ളു. അരുണാചലിന് തെക്ക് ഈ താറാവുകളെ നിരീക്ഷിക്കുന്നത് ആദ്യമായാണ്'-മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (എം.എന്‍.എച്ച്.എസ്) പ്രവര്‍ത്തകന്‍ കൂടിയായ സത്യന്‍ മേപ്പയ്യൂര്‍ പറയുന്നു.

മറ്റ് പക്ഷികളെപ്പോലെ ദീര്‍ഘദൂരം ദേശാടനം നടത്തുന്ന പക്ഷികളല്ല മാന്‍ഡരിന്‍ താറാവുകള്‍. ഭാഗികമായ ദേശാടനമേ ഇവ നടത്താറുള്ളു. ചൈനയുടെ വിവിധഭാഗങ്ങള്‍, ജപ്പാന്‍, മഞ്ചൂരിയ, വടക്കന്‍ കൊറിയ തുടങ്ങിയ മേഖലകളിലേക്കാണ് ഇവ സാധാരണഗതിയില്‍ ദേശാടനം നടത്താറുള്ളത്.
വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഈ പക്ഷികളെ 'സൈറ്റസ്' (CITES) ഉള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യയില്‍ ഇവയുടെ സംഖ്യ ഏതാണ്ട് 20,000 വരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്.

മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാന്‍ഡരിന്‍ താറാവുകളുടെ ആവാസവ്യവസ്ഥ. എന്നാല്‍, വനപ്രദേശങ്ങള്‍ ഇല്ലാതാകുന്നതും നീര്‍ത്തടങ്ങള്‍ നശിക്കുന്നതും ഈ പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെക്ക് ഇവ എത്താന്‍ തുടങ്ങിയതിന് കാരണം കാലാവസ്ഥയിലുള്ള മാറ്റവും ആവാസവ്യവസ്ഥകളുടെ നാശവുമാകാമെന്ന് ഗവേഷകര്‍ കരുതുന്നത്.
ചിത്രങ്ങള്‍: സത്യന്‍ മേപ്പയ്യൂര്‍




