
ഗീതാദര്‍ശനം - 427
Posted on: 09 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
ശ്രേയോ ഹി ജ്ഞാനമഭ്യാസാത്
ജ്ഞാനാധ്യാനം വിശിഷ്യതേ
ധ്യാനാല്‍ കര്‍മഫലത്യാഗഃ
ത്യാഗാച്ഛാന്തിരനന്തരം
അഭ്യാസത്തേക്കാള്‍ ജ്ഞാനംതന്നെ ശ്രേഷ്ഠം. ജ്ഞാനത്തേക്കാള്‍ ധ്യാനം വിശിഷ്ടം. ധ്യാനത്തേക്കാള്‍ ഉത്തമമാണ് കര്‍മഫലത്യാഗം. ത്യാഗാനന്തരം ശാന്തി കൈവരുന്നു.
തിയറി അറിയാതെയുള്ള പരിശീലനത്തേക്കാള്‍ ശ്രേഷ്ഠം, അത്തരം പരിശീലനത്തിന്റെ അഭാവത്തിലാണെന്നാലും തിയറി അറിയുന്നതുതന്നെയാണ്. എന്നാലോ, തിയറി ഉറച്ചതില്‍പ്പിന്നെയുള്ള പരിശീലനം വെറും തിയറിയേക്കാള്‍ മെച്ചപ്പെട്ടതാണ്. പക്ഷേ, ഇത്തരം പരിശീലനത്തേക്കാള്‍ മെച്ചമാണ് പരിശീലനഫലമെന്ന 'നേട്ട'ത്തിലുള്ള ആര്‍ത്തിയുടെ പരിത്യാഗം. കാരണം, അതുവഴി സ്വതന്ത്രമായാല്‍ ശാന്തി കൈവരുന്നു.
ജീവിതത്തിന്റെ ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്നവരായാലും നമുക്കു നേരിട്ടനുഭവമുള്ള കാര്യമാണ് ഇത്. എന്തു ചെയ്യുമ്പോഴും അടിസ്ഥാനപരമായ അറിവു വളരെ പ്രധാനമാണ്. എന്നാല്‍, ആ അറിവു പ്രയോഗത്തില്‍ കൊണ്ടുവരാന്‍ പരിശീലിച്ചില്ലെങ്കില്‍ അത് ഉള്ളതും ഇല്ലാത്തതും ഒരുപോലെ! പക്ഷേ, കാര്യമറിഞ്ഞ് എടുക്കുന്ന പണിയാണെങ്കിലും അതിന്റെ ഫലപ്രാപ്തി എന്ന ചിന്ത സദാ നമ്മെ അലട്ടിയാലോ? പണി കുഴയും. ആ അലട്ട് ഉപേക്ഷിക്കാന്‍ പരിശീലിച്ചാല്‍ പരമമായ ഏകാഗ്രതയും ശാന്തിയും കൈവരുന്നു.
ജ്ഞാനത്തിന്റെയോ ധ്യാനത്തിന്റെയോ മഹത്ത്വം കുറച്ചു കാണിക്കുകയല്ല ഇവിടെ ചെയ്യുന്നത്. അറിവിലൂടെയും അറിഞ്ഞുള്ള പരിശീലനത്തിലൂടെയും പോകാന്‍ ക്ഷമയും കഴിവുമില്ലെങ്കില്‍ മറുതലയില്‍നിന്ന് ഇങ്ങോട്ടും വരാം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. ഫലത്തിലുള്ള ആര്‍ത്തി പണിക്കു മുമ്പേ നടക്കുന്ന പതിവ് അവസാനിപ്പിച്ചാല്‍ മനസ്സ് ശാന്തമാകും. ശാന്തമായ മനസ്സില്‍ ആത്മസ്വരൂപത്തെ കണ്ടുകിട്ടും. ആ കാഴ്ച അതിനെക്കുറിച്ചുള്ള അറിവിലേക്കും അതിനോടുള്ള ഭക്തിയിലേക്കും താനേ നയിക്കും.
(തുടരും)





