githadharsanam

ഗീതാദര്‍ശനം - 426

Posted on: 07 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


ലോകമാന്യതിലകനും മഹാത്മാഗാന്ധിയും അരവിന്ദമഹര്‍ഷിയും തങ്ങളുടെ ഗീതാവ്യാഖ്യാനങ്ങളില്‍ നിഷ്‌കാമകര്‍മത്തിനാണ് പ്രാമുഖ്യം നല്കുന്നത്. നിത്യജീവിതത്തില്‍ ഏറ്റവും എളുപ്പമായി സ്വീകരിക്കാവുന്ന വഴിയാണ് ഇത് എന്നതുതന്നെയാകാം കാരണം. ജ്ഞാനേശ്വര്‍ മഹാരാജ് ചെടികളെയും മേഘങ്ങളെയും ചൂണ്ടിക്കാട്ടി പറയുന്നു: ''ഇവയൊന്നും താന്താങ്ങളുടെ കര്‍മങ്ങള്‍ ഒരു ഫലവുമിച്ഛിച്ചല്ല ചെയ്യുന്നത്.'' ''ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നുമില്ല'' എന്ന ബൈബിള്‍വചനവും ഇതേ കാര്യം അവതരിപ്പിക്കുന്നതായി നാം നേരത്തേ കണ്ടു.

കര്‍മഫലത്യാഗമെന്നത് അക്ഷരാര്‍ഥത്തിലെടുത്തുപോയാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ കര്‍മോന്മുഖതയെയും നാമാവശേഷമാക്കാന്‍ അതു മതി എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ വലിയൊരളവോളം ഈ അധോഗതി സംഭവിച്ചിട്ടുമുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട അലസതയും അനാസ്ഥയും കര്‍മവൈമുഖ്യവും വന്നുപെട്ടു. കര്‍മസംന്യാസം സര്‍വപരിത്യാഗമാണെന്ന പിഴവുകൂടി പറ്റിയപ്പോള്‍ അധ്വാനം തീര്‍ത്തും അനഭിലഷണീയമായി. തേനീച്ചയ്ക്കും ഉറുമ്പിനുമൊക്കെ സ്വാഭാവികമായി സാധിക്കുന്ന അശിക്ഷിതമായ 'കര്‍മയോഗം'പോലും നമുക്കു സാധിക്കാതെയായി. ഈ വീഴ്ചയിലും, ''സ്വയം തുലഞ്ഞെന്നു മാത്രമല്ല വിളക്കും കെടുത്തി!'' എന്ന് വണ്ടിനെപ്പറ്റി കവി പരിതപിച്ചത് അര്‍ഥവത്തുതന്നെ.

കാമക്രോധങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഒട്ടുമില്ലാത്തവര്‍ മനുഷ്യര്‍ക്കിടയിലില്ല. പക്ഷേ, ഈ കഴിവിനു വാസനാബലത്താല്‍ ഏറ്റക്കുറച്ചില്‍ സ്വാഭാവികമാണ്. പഠിക്കാനുള്ള മിടുക്ക് ഏറ്റവും കഷ്ടിയായ ശിഷ്യനെക്കൂടി കൈപിടിച്ചു കയറ്റാന്‍ നല്ല ഗുരുനാഥന്മാരുടെ പക്കല്‍ ഉപായമുണ്ട്. മിടുക്കു കുറഞ്ഞവര്‍ക്കായി പറഞ്ഞ വഴികളാകട്ടെ, മോശമൊന്നുമല്ലെന്നും മിടുക്കന്മാര്‍ക്കും അവ പരീക്ഷിക്കാമെന്നുംകൂടി ഇനി വെളിപ്പെടുത്തുന്നു.



MathrubhumiMatrimonial