2009 ഇന്ത്യയ്ക്ക് ചൂടുകൂടിയ വര്‍ഷം

Posted on: 07 Feb 2010



ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (കങഉ) കണ്ടെത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം ശരാശരി താപനില സാധാരണയിലും ഒരു ഡിഗ്രി സെല്‍ഷ്യസ് (കൃത്യമായി 0.913 ഡിഗ്രി) കൂടുതലായിരുന്നു.

മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും ചൂടുകൂടിയ 10 വര്‍ഷങ്ങളില്‍ ആറെണ്ണവും 2000ന് ശേഷമായിരുന്നുവെന്നും (യഥാക്രമം 2009, 2002, 2006, 2003, 2007, 2004) ഐ.എം.ഡി. അതിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

അന്തരീക്ഷ താപനിലയും കാലാവസ്ഥയും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ഐ.എം.ഡി. ആരംഭിച്ചത് 1901ലാണ്. അന്നുമുതലുള്ള നിരീക്ഷണവിവരങ്ങള്‍ വിശകലനം ചെയ്താണ് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്.

1961 മുതല്‍ 1990 വരെയുള്ള ശരാശരി താപനില മാനദണ്ഡമാക്കിയായിരുന്നു കണക്കുകൂട്ടല്‍. ആ 30 വര്‍ഷം രാജ്യത്തെ ശരാശരി താപനില 24.64 ഡിഗ്രിയായിരുന്നു. 2009ല്‍ അത് 25.553 ഡിഗ്രിയായതായി ഐ.എം.ഡി.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 110 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍ ഇവയാണ്: 2009 (+0.913), 2002 (+0.708), 2006 (+0.6), 2003 (+0.560), 2007 (+0.553), 2004 (+0.515), 1998 (+0.514), 1941 (+0.448), 1999 (+0.445), 1958 (+0.435), 2001 (+0.429), 1987 (+0.413), 2005 (+0.410).

മാത്രമല്ല, വിവിധ സീസണുകളിലെ ശരാശരി താപനിലയും ഐ.എം.ഡി. പരിശോധിക്കുകയുണ്ടായി. ജനവരിഫിബ്രവരി മാസത്തിലെ ശൈത്യകാലം, മണ്‍സൂണിന് മുമ്പുള്ള മാര്‍ച്ച്‌മെയ് കാലയളവ്, മണ്‍സൂണ്‍ കാലമായ ജൂണ്‍സപ്തംബര്‍, മണ്‍സൂണിന് ശേഷമുള്ള ഒക്ടോബര്‍ഡിസംബര്‍ എന്നിവയില്‍, മണ്‍സൂണിലും ശൈത്യകാലത്തും ഏറ്റവും ഉയര്‍ന്ന ശരാശരി താപനില രേഖപ്പെടുത്തിയതും 2009ലായിരുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ വാര്‍ഷിക താപനില പരിശോധിച്ചപ്പോള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളൊഴികെ ബാക്കിയെല്ലായിടത്തും 2009ല്‍ ശരാശരി താപനില കാര്യമായി വര്‍ധിച്ചെന്നു കണ്ടു. എന്നാല്‍, മേല്‍പ്പറഞ്ഞ മൂന്ന് മേഖലയില്‍ താപനിലയില്‍ കാര്യമായ കുറവാണ് നിരീക്ഷിച്ചത്.

2009 ജനവരിഫിബ്രവരി കാലത്താണ് രാജ്യത്തിന്റെ പല ഭാഗത്തും താപനിലയില്‍ അസാധാരണ വ്യതിചലനം ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ആ ജനവരി രണ്ടാംപകുതിയിലെ താപനില സാധാരണയിലും മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലായിരുന്നു. അതേസമയം ജനവരിയില്‍ തന്നെ ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു.

2009 മാര്‍ച്ച്, ഏപ്രില്‍, മെയ് കാലയളവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ അത്യുഷ്ണത്തിന്റെ (സാധാരണയിലും അഞ്ച് ഡിഗ്രി കൂടുതല്‍) പിടിയിലായി. ആന്ധ്രപ്രദേശില്‍ മാത്രം മെയ് മാസത്തില്‍ 150 പേരാണ് സൂര്യാഘാതമേറ്റും, ചൂട് താങ്ങാനാകാതെയും മരിച്ചത്. (അവലംബം: ഐ.എം.ഡി)
-ജെ.എ



MathrubhumiMatrimonial