
ഗീതാദര്‍ശനം - 425
Posted on: 07 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
അറിവും പ്രേമവും അഭ്യാസംകൊണ്ട് ഉണ്ടായിക്കിട്ടാന്‍ പ്രയാസം തോന്നുന്നെങ്കില്‍, വേണ്ട, മനസ്സുമായി ഗുസ്തി പിടിക്കാനൊന്നും പോകേണ്ട. അതിനു പകരം, ചെയ്യുന്ന പണിയെല്ലാം പരംപൊരുളിനുവേണ്ടി ചെയ്യാം. അപ്പോള്‍, ക്രമേണ മനസ്സ് സ്വാര്‍ഥത മതിയാക്കി പരംപൊരുളിലേക്കു വരും. അവസാനം, യജ്ഞഭാവനയോടെയുള്ള നിരന്തരകര്‍മങ്ങളില്‍ ഒഴുകി മനസ്സ് അഴിമുഖത്തെത്തിക്കോളും.
പ്രപഞ്ചമഹാജീവന്റെ പൊതുതാത്പര്യത്തിനായി പണിയെടുക്കലാണ് യജ്ഞഭാവനയോടെയുള്ള കര്‍മത്തിന്റെ സ്വഭാവം; നമ്മുടെ ശരീരത്തിലെ ഓരോ ജീവകോശവും ചെയ്യുന്നപോലെ. ശരീരത്തിലെ ഓരോ കോശത്തിനും അതിന്റെ കര്‍മമുണ്ട്. ആ കര്‍മം മൊത്തം ശരീരത്തിന്റെ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് ചെയ്യപ്പെടുന്നത്. ചെയ്തിയില്‍ 'വകതിരിവും കേമത്തവും' കാണിക്കാനുള്ള സ്വാതന്ത്ര്യം ശരീരത്തിലെ ഓരോ കോശത്തിനുമുണ്ട്. ഓരോ കോശത്തിലും 'അറിവും' 'കൂറും' 'പണിയും' സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. പ്രകൃതി എന്ന മഹാശരീരത്തില്‍ ഇതേ നിലയില്‍ വാഴാനാണ് നമുക്കു കഴിയേണ്ടത്. ഇതാണ് യോഗാശ്രിതത്വം.
അഥൈതദപ്യശക്തോശസി
കര്‍ത്തും മദ്യോഗമാശ്രിതഃ
സര്‍വകര്‍മഫലത്യാഗം
തതഃ കുരു യതാത്മവാന്‍
ഇനി, എന്റെ യോഗത്തെ ആശ്രയിച്ച് (യജ്ഞഭാവനയോടെ) കര്‍മം ചെയ്യാന്‍പോലും നീ ശക്തനല്ലെന്നിരിക്കട്ടെ. അപ്പോള്‍, എന്നോടുള്ള ചേര്‍ച്ചതന്നെ ലക്ഷ്യമാക്കി മനസ്സംയമനത്തോടെ സര്‍വകര്‍മങ്ങളുടെയും ഫലത്തിലുള്ള ഇച്ഛയെ ത്യജിക്കുക.
യജ്ഞഭാവനയോടെ കര്‍മം ചെയ്യാനും കഴിയുന്നില്ലെങ്കില്‍ മനസ്സിനെ (കാമനകളെ) നിയന്ത്രിച്ച് ഫലേച്ഛയുടെ ചങ്ങലക്കെട്ടില്‍ അകപ്പെടാതെ എല്ലാ കര്‍മങ്ങളും ചെയ്യുക. കര്‍മഫലത്തെയല്ല ആ ഫലത്തിലുള്ള ഇച്ഛയെയാണ് കൈവിടേണ്ടതെന്ന കാര്യം നേരത്തേ ഓര്‍മിപ്പിച്ചതാണ്. ഫലപ്രാപ്തി എന്റെ മിടുക്കുകൊണ്ടല്ലെന്നാണ് ഉറപ്പിക്കേണ്ടത്. കര്‍മകുശലതയില്‍ ഒരു കുറവുമുണ്ടാകരുതെന്നും നേരത്തേ പറഞ്ഞു. 'ഞാന്‍', 'എനിക്ക്' എന്ന രണ്ടു സംഗതികള്‍ക്കാണ് കടിഞ്ഞാണിടേണ്ടത്. ഇതു ശീലമാകുന്ന മുറയ്ക്ക് മനസ്സ് മോഹങ്ങളുടെ കോളിളക്കത്തില്‍നിന്ന് മോചിതമാകും. ആ ശാന്തത കൂടുതല്‍ നല്ല ആത്മസംയമനം സാധിപ്പിക്കും. അങ്ങനെയങ്ങനെ യജ്ഞഭാവനയിലും യോഗപരിശീലനത്തിലും പടിപടിയായി എത്തും.
(തുടരും)





