
ഗീതാദര്‍ശനം - 424
Posted on: 05 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
അഭ്യാസേശപ്യസമര്‍ഥോശസി
മത്കര്‍മപരമോ ഭവ
മദര്‍ഥമപി കര്‍മാണി
കുര്‍വന്‍ സിദ്ധിമവാപ്‌സ്യസി

അഭ്യാസയോഗത്തിനും നീ സമര്‍ഥനല്ലെങ്കില്‍, എന്റെ (പ്രതിനിധി എന്ന നിലയില്‍) കര്‍മങ്ങള്‍ ചെയ്യുന്നതില്‍ പരമതത്പരനായി ഭവിക്കുക. എനിക്കു വേണ്ടി (താന്‍ ഒരുപകരണമാണ് എന്ന ബോധത്തോടെ) കര്‍മങ്ങള്‍ ചെയ്യുന്നതിലൂടെയും നിനക്ക് പരമാത്മസാക്ഷാത്കാരം സാധിക്കാം.
ചില വിദ്യകള്‍ പരിശീലിക്കാന്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ എളുപ്പമാകാം, പ്രയാസവുമാകാം. പ്രയാസമാണുള്ളതെങ്കില്‍ തല്ലിപ്പഴുപ്പിച്ചാല്‍ ശരിയാവില്ല. ആട്ടാന്‍ വാസനയുള്ളവനെ നെയ്യാന്‍ പഠിപ്പിക്കരുതെന്ന് പറയാറില്ലേ? 'രാമരാമ' എന്ന് ജപിക്കാന്‍പോലും ശക്തനല്ലെങ്കില്‍ 'മരാ, മരാ' എന്നായാലും പോകെപ്പോകെ ശരിയായിക്കിട്ടും!
ധ്യാനംകൊണ്ട് മനസ്സിനെ തളയ്ക്കല്‍ ആയാസകരമായി അനുഭവപ്പെടുന്നെങ്കില്‍ അതു വേണ്ട, മറ്റൊരു വഴി ഉണ്ട്. ജീവിതത്തില്‍ പരംപൊരുളിനെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കാം. അതായത്, സ്വാര്‍ഥബുദ്ധിയോടെ കര്‍മം ചെയ്യുന്നതിനു പകരം, യജ്ഞഭാവനയോടെ കര്‍മം ചെയ്യാം. കൂറും പ്രേമവും ദൃഢമായാല്‍ 'ചെയ്യുന്നത് ഞാനാ'ണെന്ന ഭാവം പോവും. അതിര്‍ത്തി കാക്കുന്ന സേനാനി രാജ്യത്തിനു വേണ്ടി ജീവത്യാഗം വരെ ചെയ്യുന്നു. അമ്മ കുഞ്ഞിനുവേണ്ടി എല്ലാം ചെയ്യുന്നു, എന്തും സഹിക്കുന്നു. തന്റെ സ്ഥാപനത്തെ സ്നേഹിക്കുന്ന ഉദ്യോഗസ്ഥന്‍ സ്ഥാപനത്തിന്റെ പ്രതിനിധിയായാണ് അത്യധ്വാനത്തിലേര്‍പ്പെടുന്നത്.
പക്ഷേ, ഇതുകൊണ്ടു ഫലമുണ്ടാകണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ഒക്കണം. ഒന്ന്, താന്‍ പ്രതിനിധീകരിക്കുന്നത് എന്തിനെയോ അതിന്റെ താത്പര്യം കൃത്യമായി അറിഞ്ഞിരിക്കണം. രാജ്യത്തിന്റെ രക്ഷ എന്തെന്ന് പടയാളിക്ക് നിശ്ചയമുണ്ടാകണം. കുഞ്ഞിന്റെ ആവശ്യമെന്തെന്ന് അമ്മയ്ക്കും സ്ഥാപനത്തിന്റെ താത്പര്യമെന്തെന്ന് ജോലിക്കാരനും അറിവുണ്ടാകണം. രണ്ട്, താന്‍ എന്തിന്റെ പ്രതിനിധിയാണോ അതിനോട് അനന്യമായ സ്നേഹം വേണം. സൈനികനു പ്രഥമവും പ്രധാനവുമായി വേണ്ടത് ദേശഭക്തിതന്നെ. അമ്മയ്ക്ക് കുഞ്ഞിനോടുള്ളത് ഈ ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്നേഹമാണല്ലോ. ആത്മാര്‍ഥതയുള്ള ജോലിക്കാരന്‍ തന്റെ സ്ഥാപനത്തെ പ്രാണതുല്യം സ്നേഹിക്കും.





