githadharsanam

ഗീതാദര്‍ശനം - 423

Posted on: 04 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


അഭ്യാസം എന്ന വാക്കിന് പരിശീലനം എന്ന് അര്‍ഥമെടുക്കാം. ഏത് ബാലന്‍സിങ്ങും പഠിക്കുന്ന ആരും ഇതു ചെയ്യാറുണ്ട്. ഇടറിപ്പോകുമ്പോള്‍ ഒരു തിരുത്തലിലൂടെ ബാലന്‍സുറപ്പിക്കുന്നു. തിരുത്തല്‍ അതിരു കവിഞ്ഞാല്‍ മറുവശത്തേക്കാവും ബാലന്‍സില്ലായ്മ. അപ്പോള്‍ തിരികെ തിരുത്തുന്നു. കുട്ടിക്കാലത്ത് നാം നടക്കാന്‍ വശമാക്കുന്നതുപോലും ഈ അഭ്യാസത്തിലൂടെയാണ്. വാസ്തവത്തില്‍ നമ്മുടെ എല്ലാ ചെയ്തികളും ചിന്തകളും ഈ സ്വയംതിരുത്തലിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. പരിശീലിച്ചാണല്ലോ എല്ലാ വിദ്യകളും കലകളും നാം പഠിക്കുന്നത്. ആവര്‍ത്തിച്ചുരുവിട്ടല്ല വിദ്യാര്‍ഥി പാഠം ഉറപ്പിക്കുന്നത്?

മേശപ്പുറത്തിരിക്കുന്ന പേന എടുക്കാന്‍ നാം കൈ നീട്ടുന്നു എന്നിരിക്കട്ടെ. നമ്മുടെ കൈ കൃത്യമായും ഒരു നേര്‍രേഖയില്‍ പേനയുടെ അരികിലെത്തുന്നു എന്നാണ് നമ്മുടെ വിചാരം. വാസ്തവത്തില്‍ സംഭവിക്കുന്നതോ? കൈയിന്റെ ചലനത്തെയും പേനയുടെ സ്ഥാനത്തെയും കണ്ണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ശരിയായ ദിശയില്‍നിന്ന് കൈ തെന്നിമാറുമ്പോഴൊക്കെ നിരീക്ഷണസ്ഥാനത്തുനിന്ന് തിരുത്തല്‍ ഓര്‍ഡറുകള്‍ പുറപ്പെടുന്നു. നേര്‍രേഖയിലല്ല, തെന്നിത്തെന്നിയാണ് കൈ നീങ്ങുന്നത്. ഈ ഏകോപനത്തിന് കാര്യക്ഷമത കുറയുന്ന പ്രായത്തിലും രോഗാവസ്ഥയിലും മാത്രമേ നാം സംഗതിയുടെ യഥാര്‍ത്ഥചിത്രം കാണുന്നുള്ളൂ. തിരുത്തലിലൂടെ ലക്ഷ്യത്തിലേക്കുള്ള ഈ മുന്നേറ്റത്തിന്റെ ശാസ്ത്രമാണ് സൈബര്‍നെറ്റിക്‌സ് . പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയില്‍ സാധ്യമാകുന്ന ഓരോ സന്തുലിതാവസ്ഥയും ഉരുവപ്പെടുന്നതും നിലനില്‍ക്കുന്നതും നിതാന്തങ്ങളായ തിരുത്തലുകളിലൂടെയാണ്. അതിനാല്‍, ജീവപരിണാമത്തില്‍ ഈ പ്രതിഭാസം വലിയ പങ്കു വഹിക്കുന്നു.

സ്വന്തം ചിത്തത്തെ ധ്യാനംകൊണ്ട് ആത്മസാരൂപ്യമെന്ന ലക്ഷ്യത്തിലെത്തിക്കാനും ഈ രീതിയിലുള്ള പരിശീലനമാണ് മാര്‍ഗം. കടുംപിടുത്തംകൊണ്ട് കാര്യമില്ല. തെന്നാന്‍ വിടുക, തെന്നുന്നേടത്തുനിന്ന് തിരുത്തുക. വീണ്ടും സ്വതന്ത്രമാക്കുക, തെന്നുന്നെങ്കില്‍ പിന്നെയും തിരുത്തുക. നിത്യത്തൊഴില്‍ ആനയെയും എടുക്കും!
(തുടരും)




MathrubhumiMatrimonial