githadharsanam

ഗീതാദര്‍ശനം - 422

Posted on: 03 Feb 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


ഇപ്പറയുന്നതൊക്കെ നേരാണോ എന്ന സംശയം ചിലപ്പോള്‍ നാമ്പെടുക്കാം. അത്ര വലിയ ഒരു നേട്ടത്തെക്കുറിച്ചാണല്ലോ പറയുന്നത്. പൂജകളോ അനുഷ്ഠാനങ്ങളോ യാഗയജ്ഞങ്ങളോ തപോദാനങ്ങളോ മന്ത്രതന്ത്രങ്ങളോ ഒന്നും കൂടാതെ ഈ അവസ്ഥാന്തപ്രാപ്തി നടക്കുമോ എന്ന ഈരല്‍ ഈ കാലത്ത് ജീവിക്കുന്ന നമുക്കുപോലും ഉണ്ടാകാം. നാട് വൈദികാചാരങ്ങളുടെ വിളഭൂമിയായിരുന്ന കാലത്ത് ഈസംശയം അര്‍ജുനനുണ്ടായെങ്കില്‍ അത്ഭുതമില്ല. എല്ലാ ഈഷലുകളുടെയും മുള നുള്ളാന്‍ തറപ്പിച്ചു പറയുന്നു: സംശയിക്കയേ വേണ്ട, നടക്കും.
യോഗവിദ്യ ഇത്ര സരളമാണോ എന്ന ആശ്ചര്യത്തിന് മാറ്റു കൂട്ടാന്‍ ഉതകുന്നതാണ് ഇനിവരുന്ന പദ്യങ്ങള്‍. ഇതിലേറെ സരളമാണ് എന്നാണ് പറയാന്‍ പോകുന്നത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ അഥവാ അശക്തനാണെങ്കില്‍ കൂടുതല്‍ എളുപ്പമായ വഴിയുണ്ട്.
അഥ ചിത്തം സമാധാതും
ന ശക്‌നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതഃ
മാമിച്ഛാപ്തും ധനഞ്ജയ
അല്ലയോ ധനഞ്ജയാ, ചിത്തത്തെ എന്നില്‍ സ്ഥിരമായി നിര്‍ത്താന്‍ അഥവാ നീ ശക്തനാകുന്നില്ലെന്നിരിക്കട്ടെ. എങ്കില്‍പ്പിന്നെ, അഭ്യാസയോഗംകൊണ്ട് എന്നെ പ്രാപിക്കാന്‍ ആഗ്രഹിക്കുക.
അഭ്യാസയോഗത്തെക്കുറിച്ച് നേരത്തേ പറഞ്ഞിട്ടുണ്ട് ('യതോ യതോ നിശ്ചരതി .... ആത്മന്യേവ വശം നയേത്'- 6, 26). സ്വസ്ഥമായ ഒരു സ്ഥാനത്തിരുന്ന്, ഏതേത് വിഷയത്തിലേക്ക് മനസ്സ് കുതറിച്ചാടി ഓടിക്കൊണ്ടിരിക്കുന്നുവോ അതത് വിഷയത്തില്‍നിന്ന് അപ്പപ്പോള്‍ മനസ്സിനെ പിന്തിരിപ്പിച്ച് സ്വാധീനത്തില്‍ കൊണ്ടുവന്ന് ധ്യാനംകൊണ്ട് ആത്മാവില്‍ത്തന്നെ ഉറപ്പിക്കുക.

(തുടരും)



MathrubhumiMatrimonial