
ഗീതാദര്‍ശനം - 421
Posted on: 02 Feb 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
എന്നില്‍ത്തന്നെ മനസ്സുറപ്പിക്കൂ. എന്നില്‍ത്തന്നെ ബുദ്ധിയും ചേര്‍ക്കൂ. അതില്‍പ്പിന്നെ എന്നില്‍ത്തന്നെയാവും നിവാസം. സംശയമില്ല.
മനസ്സ് ഒരു മഹാസമുദ്രമാണെന്ന് പറയാറുണ്ട്. അതില്‍ ഒരേസമയം പല വിതാനങ്ങളില്‍ പല ഒഴുക്കുകള്‍ ഉണ്ടാകാം. ഇവയില്‍ ചിലത് പരസ്പരവിരുദ്ധങ്ങളാകാറുണ്ട്. ഇഷ്ടമുള്ളവരെ വെറുക്കേണ്ടിവരിക, ഇഷ്ടമില്ലാത്തവരെത്തന്നെ സ്നേഹിക്കേണ്ടിവരിക എന്നിങ്ങനെ മാനസികാരോഗ്യത്തിന് ഹാനികരമായ വൈകാരികസംഘട്ടനങ്ങള്‍ അപൂര്‍വമല്ല. ആവേശത്തിന്റെ പുറത്ത് ചെയ്തുപോയ കാര്യം ആജീവനാന്തം വേദനയ്ക്ക് കാരണമായിത്തീരാറുമുണ്ട്. എല്ലാ ഒഴുക്കുകളും കറകളും വൈരുധ്യങ്ങളും പരമാത്മാവില്‍ സമര്‍പ്പിക്കാനാണ് ഇവിടെ ആഹ്വാനം. മനസ്സിനെ മൊത്തമായി അടിയറ വെക്കുക. ദുരിതങ്ങള്‍ ശാന്തമാകട്ടെ.
ഇതുപോലുള്ള ഗതികേട് ബുദ്ധിക്കും വരാം. ശരി ഏതെന്ന് തീരുമാനിക്കാന്‍ കഴിയാതെ ഉഴറാം. അറിവിന്റെ തികവില്ലായ്മയാല്‍ ഇതുണ്ടാകാം. യുക്തിയുടെ വായ്ത്തലയ്ക്ക് വേണ്ടത്ര മൂര്‍ച്ചയില്ലാതിരുന്നാലും തീരുമാനം വിഷമകരമാവും. ബുദ്ധിയെ അടിയോടെ പരമാത്മാവില്‍ പ്രവേശിപ്പിച്ചാല്‍ രക്ഷയായി. ശരിയും തീരുമാനവും പിന്നെ അതിന്റെയായല്ലോ. തീരുമാനത്തിന്റെ കര്‍ത്താവ് പരമാത്മാവായി മാറുന്നതോടെ ഭ്രമം നീങ്ങുന്നു.
മനസ്സും ബുദ്ധിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് സ്വസ്ഥമായാലും ഇവ രണ്ടും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉയിര്‍ക്കാം. ബുദ്ധിക്ക് ശരി എന്നു ബോധ്യമുള്ളത് മനസ്സിന് സ്വീകാര്യമല്ലാതെ വരിക, തെറ്റെന്ന് ബുദ്ധി നിശ്ചയിച്ചതില്‍ മനസ്സ് ഭ്രമിക്കുക, മനസ്സ് താലോലിക്കുന്നതിനെ ബുദ്ധി ചെറുക്കുക, മനസ്സിന് സമ്മതമല്ലാത്തതിനെ ബുദ്ധി അംഗീകരിക്കുക - വ്യക്തിത്വനാശത്തിലേക്കു നയിക്കുന്ന അവസ്ഥകളാണ് ഇതെല്ലാം. വികാരവും വിചാരവും ഏകോപിതമായാലേ സ്വസ്ഥതയുള്ളൂ. അത്തരം നിലയില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുന്നതേ വിജയിക്കൂ. മനോബുദ്ധികള്‍ ഒരുപോലെ പരമാത്മാവില്‍ അധിഷ്ഠിതമായാല്‍ ഒരുതരം സൗന്ദര്യപ്പിണക്കവും വരില്ല. കാരണം, യോഗാഭ്യാസി പിന്നെ പരമാത്മാവിലാണ് നിവസിക്കുന്നത്. അലോസരത്തിന്റെ ചെറുചിറ്റോളങ്ങള്‍ക്കുപോലും ആ വാസസ്ഥാനത്ത് പ്രവേശനമില്ല.
(തുടരും)





