
ഗീതാദര്‍ശനം - 420
Posted on: 31 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
പരമാത്മാവെന്ന ലക്ഷ്യത്തോടു മാത്രമാകട്ടെ സദാ നേരവും ദേഹേന്ദ്രിയമനോബുദ്ധികള്‍ ചേര്‍ന്നു നില്‍ക്കുന്നത്. അതാണ് അനന്യയോഗം. ഏത് പ്രേമത്തിന്റെയും വിശുദ്ധിയുടെ അമ്ലപരീക്ഷ മറ്റെന്തിലെങ്കിലും താത്പര്യം ജനിക്കുന്നുണ്ടോ എന്നതാണല്ലോ. ധ്യാനത്തിന്റെ സാഫല്യം ജീവപരയോരൈക്യമാണ്.
അചിന്ത്യം, അനിര്‍ദേശ്യം, അരൂപം എന്നിങ്ങനെ പറയപ്പെടുമ്പോഴും നമ്മള്‍ അതില്‍ത്തന്നെ ഇരിക്കുന്നു. നാം സ്വപ്നംപോലും ഇല്ലാത്ത ഗാഢനിദ്രയിലാകുന്ന നേരത്തുപോലും ഉണര്‍ന്നിരിക്കുന്ന ശുദ്ധബോധംതന്നെയാണ് അതെന്ന് തീര്‍ച്ചയാണ്. ശരീരക്ഷേത്രത്തിലെ മറ്റെല്ലാതുമെന്നപോലെ മനസ്സും അതിന്റെ ഭാഗമാണ്. മനസ്സാണ് എന്തുമേതും അനുഭവിക്കുന്നത്. ഇന്ദ്രിയങ്ങള്‍ ചോദനകള്‍ നല്‍കുകയും ബുദ്ധി നിശ്ചയിച്ചുതരികയും മാത്രം ചെയ്യുന്നു. പക്ഷേ, പ്രാപഞ്ചികമായ അനുഭൂതികളുടെ കോളിളക്കം ഇല്ലാതാകയും മനസ്സിന്റെ തനിസ്വരൂപം തെളിയുകയും ചെയ്യുമ്പോഴേ അതിന് ഈ ശുദ്ധബോധം അനുഭവവേദ്യമാകൂ. ആ നിലയില്‍ മനസ്സിന് തീര്‍ച്ചയായും അതിനെ അനുഭവിക്കാന്‍ കഴിയുകയും ചെയ്യും. ആ അനുഭവം നിത്യവും സ്ഥിരവും ദൃഢവുമായാല്‍ അതില്‍പ്പരം മറ്റൊന്നില്ല. ജീവപരിണാമത്തിന്റെ പരമലക്ഷ്യം അതുതന്നെ എന്നാണ് കരുതേണ്ടത്. അതിനാലാണ്, എല്ലാ ഇച്ഛാശക്തിയും ഉപയോഗിച്ച് ആ ലക്ഷ്യം സ്ഥിരമാക്കി വെക്കണമെന്ന് പറയുന്നത്. ജീവചേതന പരമാത്മാവില്‍ ആവേശിച്ചാല്‍ മരണമുള്‍പ്പെടെയുള്ള മാറ്റങ്ങളെയെല്ലാം മറികടന്നുകഴിഞ്ഞു. ദുഃഖവുമായുള്ള സംയോഗം പിന്നെ ഇല്ലേ ഇല്ല. ('ദുഃഖസംയോഗവിയോഗം യോഗസംജ്ഞിതം.')
മയ്യേവ മന ആധത്സ്വ
മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ
അത ഊര്‍ധ്വം ന സംശയഃ
(തുടരും)





