
ഗീതാദര്‍ശനം - 419
Posted on: 30 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
പ്രയാസമാണെങ്കിലും സാധിക്കാവുന്ന കാര്യമാണ് ഇതെന്ന് ഈ പദ്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഏതാനും കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ മതി. ആദ്യമായി, സര്‍വകര്‍മങ്ങളും പരമാത്മാവില്‍ അര്‍പ്പിക്കാം. കര്‍മസന്ന്യാസത്തേക്കാള്‍ കര്‍മയോഗമാണ് ശ്രേഷ്ഠം എന്ന് നേരത്തേ പറഞ്ഞിട്ടുണ്ട് ('കര്‍മ ജ്യായോഹ്യകര്‍മണഃ' - 3, 8). ആ കര്‍മം സകല ചരാചരങ്ങള്‍ക്കും ഹിതകരമായതാകണം. ചെയ്യുന്നത് ഞാനാണ് എങ്കിലും എന്നിലൂടെ പ്രവര്‍ത്തിക്കുന്നത് പ്രപഞ്ചജീവന്റെ പ്രേരണയാണ് എന്ന ബോധത്തോടെ ചെയ്യുന്ന കര്‍മങ്ങളാണ് കാമ്യം. എന്തുചെയ്യുമ്പോഴും ഈശ്വരനോട് ചോദിച്ച് ആ ഇച്ഛയ്‌ക്കൊത്ത് ചെയ്യുന്ന കര്‍മങ്ങളാണ് ഇത്തരത്തിലുള്ളത്. ഈ നിലപാടാണ് അര്‍പ്പണം. ഇത് കര്‍മരംഗത്ത് വലിയ പ്രചോദനവും ഒപ്പം ആശ്വാസവും ആയിത്തീരും. പരംപൊരുളിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഫലത്തെപ്പറ്റി വേവലാതി വേണ്ട, പ്രവര്‍ത്തനശേഷിയെക്കുറിച്ച് സംശയം വേണ്ട, നന്മതിന്‍മകളെക്കുറിച്ച് ആശങ്കയും വേണ്ട. (ചെയ്യുന്നത് ഈശ്വരന്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് അകറ്റുന്നതാണെങ്കില്‍ അതാണ് തിന്മ.) കര്‍മരംഗത്ത് പരിപൂര്‍ണമായ സ്വാതന്ത്ര്യം കൈവരുവാന്‍ ഇതിലേറെ എന്തുവേണം! ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായതിന്റെ അംബാസഡറാകാന്‍ കഴിയുന്നതിലേറെ എന്തു ബലം!
പരമാത്മാവിനെ പരമലക്ഷ്യമായി കരുതണം. തത്കാലം വേറൊരു ലക്ഷ്യം നേടിയിട്ട് പിന്നെ ഇതിലേക്ക് തിരികെവരാം എന്നരീതി പറ്റില്ല. മനസ്സോ ബുദ്ധിയോ ശരീരമോ ഒരു ചെറിയ ചലനം നടത്തുമ്പോള്‍പ്പോലും അത് ഈ ലക്ഷ്യത്തിലേക്കുള്ള പോക്കിന് തടസ്സമാണോ എന്നാകട്ടെ ആദ്യപരിഗണന. (ജീവിതത്തിന്റെ ഏതു തുറയിലായാലും നാം ഏകാഗ്രത പുലര്‍ത്തുമ്പോള്‍ ഇതോടു സാമ്യമുള്ള ലക്ഷ്യബോധത്തെയാണ് ആശ്രയിക്കുന്നത്. ലക്ഷ്യമേതായാലും ആ ലക്ഷ്യത്തില്‍ നമുക്ക് ശ്രദ്ധതരുന്നത് പരമാത്മചൈതന്യമാണ് എന്ന് നേരത്തേ പറയുകയും ചെയ്തു. ('യോ യോ യാം യാം തനും ഭക്തഃ' - 7, 21.)
(തുടരും)





