
ഗീതാദര്‍ശനം - 418
Posted on: 29 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
യേ തു സര്‍വാണി കര്‍മാണി
മയി സംന്യസ്യ മത്പരാഃ
അനന്യേനൈവ യോഗേന
മാം ധ്യായന്ത ഉപാസതേ
തേഷാമഹം സമുദ്ധര്‍ത്താ
മൃത്യുസംസാരസാഗരാത്
ഭവാമി ന ചിരാത് പാര്‍ഥ
മയ്യാവേശിതചേതസാം
എന്നാല്‍, ആരാണോ സര്‍വകര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ച്, എന്നെത്തന്നെ പരമലക്ഷ്യമായി കരുതി, മറ്റൊന്നിലേക്കും തെന്നാതെ ആ ലക്ഷ്യത്തില്‍ത്തന്നെ മനസ്സുറപ്പിച്ച്, പരംപൊരുളായ എന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുന്നത്, എന്നില്‍ത്തന്നെ ഊന്നിയ മനോവൃത്തികളോടുകൂടിയ അവര്‍ക്ക്, ഹേ പാര്‍ഥാ, ഞാന്‍ വൈകാതെ മൃത്യുസംസാരസാഗരത്തില്‍നിന്ന് സമുദ്ധര്‍ത്താവായി (രക്ഷകനായി) ഭവിക്കുന്നു.
സാധാരണക്കാരായ നമ്മില്‍ മിക്കവരും ആരാധിക്കുന്നത് നമ്മുടെ സ്വന്തം പ്രതിച്ഛായയെ മാത്രമാണ്. ശാരീരികമോ മാനസികമോ ആയ ആ പ്രതിച്ഛായയാകട്ടെ നിലനിര്‍ത്താന്‍ കഴിയുന്നതുമല്ല. ഇതില്‍നിന്ന് (നമ്മില്‍നിന്ന്) അന്യമായ ഒന്നിനെ, അത് എന്തായാലും ആരാധിക്കാന്‍ തുടങ്ങുന്നതോടെ നാം 'താന്‍മഹിമ'യുടെ കോട്ടയില്‍നിന്നു പുറത്തേക്ക് ആദ്യവാതില്‍ കടക്കുന്നു. തന്റെ സ്വന്തം ദൈവത്തിന്റെ പ്രതിച്ഛായയുടെ കോട്ടയില്‍നിന്ന് പുറത്തു കടക്കുന്നതാണ് അടുത്ത പടി. ശുദ്ധബോധത്തിന്റെ വിരലില്‍ പിടിച്ച് നാം ഈ പടികള്‍ കടക്കുന്നത് നമ്മുടെത്തന്നെ ഉള്ളിലേക്കാണ് എന്നുകൂടി അറിയുമ്പോള്‍ ആ ശുദ്ധബോധത്തെ നാം ഏകമായ ഉണ്മയായി കണ്ടുതുടങ്ങുന്നു. പിന്നെപ്പിന്നെ അതായിത്തീരുന്നു, നമ്മുടെ ഉപാസനാവിഷയം. സ്ഥിരമായ ഇരിപ്പ് അതിലായിത്തീരുന്നു. ഇതുതന്നെ അമൃതത്വം.
(തുടരും)





