
ഗീതാദര്‍ശനം - 417
Posted on: 28 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
പൊതുവെ, എന്തെങ്കിലുമൊന്നില്‍ ചാരിയേ മനസ്സിന് നില്‍ക്കാനാവൂ. വികൃതിക്കുട്ടിയെപ്പോലെയാണ്, വെറുതെ നില്‍ക്കാനും വയ്യ. സഗുണോപാസനയില്‍ മനസ്സിന്റെ ഈ സ്വഭാവത്തെ ഉപയോഗിക്കാം. വികൃതികള്‍ കാട്ടുമ്പോഴും മനസ്സിന് ഉപാസനാരൂപത്തെ ചുറ്റിപ്പറ്റി നില്‍ക്കാം. പിന്നീട് അര്‍പ്പണം തികയുമ്പോള്‍ അടുത്ത പടി കയറി വിശ്വരൂപത്തെ (പ്രപഞ്ചജീവനെ) തന്നെ ആരാധിക്കയും ഉപാസിക്കയും ചെയ്യാം.
നേരേ മറിച്ച്, അവ്യക്തത്തെയാണ് ഉപാസിക്കുന്നതെങ്കില്‍ മനസ്സ് സ്വന്തം കാലില്‍ നില്‍ക്കണം, ശാന്തമാകണം. ഇതിന്, നേരത്തേപറഞ്ഞ സഗുണ ആരാധനയുടെ എളുപ്പം ഉണ്ടാവില്ല. എല്ലാ ശരീരങ്ങള്‍ക്കും അടിസ്ഥാനാശ്രയമായി എങ്ങും നിറഞ്ഞുനില്‍ക്കുന്ന അക്ഷരബ്രഹ്മം ഒരു ശരീരത്തിലും വെവ്വേറെ ഇരിക്കുന്നില്ല. അതുകൊണ്ട്, ധ്യാനം പുരോഗമിക്കുമ്പോള്‍ അത്രത്തോളം ദേഹാഭിമാനം തേഞ്ഞില്ലാതാകും. പക്ഷേ, അത്തരം ധ്യാനം ദേഹവാന്‍മാര്‍ക്ക് വളരെ ക്ലേശകരമാണ്.
വഴികള്‍ തമ്മില്‍ വേറെയും വ്യത്യാസങ്ങളുണ്ട്. സഗുണോപാസനയിലൂടെ ആരാധ്യത്തിന്റെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ആ ഗുണങ്ങളെ മുന്‍പറഞ്ഞപോലെ മൂല്യനിര്‍ധാരണം ചെയ്ത് പരമാത്മസ്വരൂപത്തില്‍ എത്തുകയും ചെയ്യാം. ഉദാഹരണത്തിന്, ഒരു തുണ്ടു കല്ലിലും പരമാത്മചൈതന്യമുണ്ടെന്നറിഞ്ഞ് സായുജ്യമടയാം. എന്നാലോ, മഹാവീഴ്ചകളിലേക്ക് വഴുതിപ്പോകാന്‍ ഏറെ പഴുതുള്ള വഴിയാണ് ഇത്. കല്ലിലെ ഈശ്വരാംശത്തിലൂടെ വിശ്വവ്യാപിയായ ഈശ്വരനെ കണ്ടുകിട്ടുന്നതിനുപകരം, ആ കല്ലിലേ ശരിയായ ഈശ്വരന്‍ ഉള്ളൂ എന്നു തെറ്റായി വിശ്വസിച്ചുപോകാം. ആ ഈശ്വരന്‍ അതുപോലുള്ള മറ്റ് എല്ലാ ഈശ്വരന്‍മാരുടെയും ആജന്മശത്രുവാണെന്നും, അതും പോരാഞ്ഞ്, അത് എന്റെ മാത്രം ഈശ്വരനാണെന്നുവരെ വേണ്ടാതീനങ്ങള്‍ തോന്നാം. (ഇത്തരം തോന്നലുകളെത്തുടര്‍ന്നുള്ള പുക്കാറുകളാണല്ലോ വന്‍ കലാപങ്ങളില്‍ മിക്കതും!) നേരേ മറിച്ച്, അവ്യക്തോപാസനയില്‍നിന്ന് ഒരിക്കലും ഒരു പടുകുഴിയിലേക്കും വഴുതാന്‍ പഴുതില്ല.
(തുടരും)





