
ഗീതാദര്‍ശനം - 416
Posted on: 25 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
ഇങ്ങനെ, ആരാധ്യത്തെയും ആരാധകനാവശ്യമായ അടിസ്ഥാനയോഗ്യതകളെയും അവതരിപ്പിച്ചതില്‍പ്പിന്നെ ഒരു മുന്നറിയിപ്പുകൂടി തരുന്നു. ഈ വഴി അത്ര എളുപ്പമല്ല. (ചുറ്റിപ്പോകുന്നതിനേക്കാള്‍ പ്രയാസമാണല്ലോ കൊടുമുടിയിലേക്ക് നേരിട്ടുള്ള കയറ്റം.)
ക്‌ളേശോശധികതരസ്‌തേഷാം
അവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിര്‍ദുഃഖം
ദേഹവദ്ഭിരവാപ്യതേ
അവ്യക്തത്തില്‍ ആസക്തമായ മനസ്സോടുകൂടിയവര്‍ക്ക് കഷ്ടപ്പാട് വളരെ അധികമാണ്. കാരണം, അവ്യക്തത്തെ ലക്ഷ്യമാക്കിയുള്ള ഗതി ദേഹവാന്‍മാരില്‍ ദുഃഖമുളവാക്കുന്നു.
തുടക്കത്തില്‍, സങ്കല്പിക്കാവുന്ന ഒരു രൂപത്തെ ഉപാസിക്കയാണ് തീര്‍ച്ചയായും എളുപ്പം. എന്തെന്നാല്‍, അപ്പോള്‍ ഉപാസിക്കുന്ന ആളും ഉപാസനാവിഷയവും വേറെവേറെയാണ്. എന്നുവെച്ചാല്‍ ഉപാസകന് 'ദേഹവാന്‍' ആയിരിക്കാന്‍ വിഷമമില്ല. ദേഹവാന്‍ എന്നതിന് ദേഹമുള്ളവന്‍ എന്നുമാത്രം അര്‍ഥം കണ്ടാല്‍ പോരാ, ദേഹത്തില്‍ അഭിമാനമുള്ളവന്‍ എന്നുകൂടി ധരിക്കണം. എല്ലാ ജീവികളും ദേഹാഭിമാനികളാണ്. മനുഷ്യനു മാത്രമാണ്, തനിക്ക് കൈവന്ന ദേഹത്തില്‍ ആത്മാവുണ്ടെന്നറിയാനുള്ള കഴിവുള്ളത്. ആ അറിവ് ദേഹാഭിമാനത്തേക്കാള്‍ വലുതായി 'ആത്മാഭിമാന'ത്തെ പ്രതിഷ്ഠിക്കാന്‍ ഉതകും. ആ വഴിയിലൂടെയാണ് സഗുണോപാസന പുരോഗമിക്കുന്നത്. സഗുണോപാസനയിലൂടെ ആര്‍ജിക്കുന്ന ഗുണങ്ങള്‍ ഉപാസകന്റെ ദേഹാഭിമാനം നിലനില്‍ക്കെത്തന്നെയാണ് കൈവരുന്നത്. ആ ഗുണങ്ങളെ മൂല്യനിര്‍ധാരണം ചെയ്തുകിട്ടുന്ന അറിവുവെച്ചുവേണം പിന്നെ ആത്മസ്വരൂപത്തെ ഉപാസിക്കാന്‍. പക്ഷേ, സഗുണോപാസനയില്‍ ദീര്‍ഘകാലത്തെ അര്‍പ്പണംകൊണ്ട് ദേഹാഭിമാനം ഏതാണ്ടൊക്കെ ക്ഷയിച്ചിരിക്കും. വേര് നന്നേ കുറച്ചേ അറ്റുപോകാന്‍ ഉണ്ടാവൂ.
(തുടരും)





