githadharsanam

ഗീതാദര്‍ശനം - 415

Posted on: 24 Jan 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


യോഗശാസ്ത്രത്തിലെ കാതലായ പ്രശ്‌നം ഇതുതന്നെയാണ്. രൂപമോ ഗുണമോ ഒന്നുമില്ലാത്തതിനെ എങ്ങനെ ഉപാസിക്കും? അചിന്ത്യമാണെന്നിരിക്കെ ബുദ്ധികൊണ്ടും അറിയാനാവില്ലല്ലോ. ലക്ഷ്യം അജ്ഞേയമെങ്കില്‍ എങ്ങനെ മുന്നോട്ടു പോകാന്‍?
ഇന്ദ്രിയമനോബുദ്ധികള്‍ സദാ ക്ഷോഭിച്ച് അലയിളക്കി ആ അടിത്തട്ടിനെ മറയ്ക്കുന്നു. ശാന്തത ലഭിച്ചാല്‍ അതിനെ അനുഭവിക്കാം. ആ പ്രശാന്തി കൈവരാനുള്ള മാര്‍ഗങ്ങള്‍കൂടി ഈ പദ്യത്തില്‍ പറയുന്നു.
ഒന്ന്, എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുക. ഇന്ദ്രിയങ്ങളിലൂടെയാണ് ബാഹ്യപ്രപഞ്ചത്തിലെ കാറ്റും കോളും അകത്തുകടന്ന് ക്ഷോഭം വരുത്തുന്നത്.
രണ്ട്, എല്ലാം സമബുദ്ധിയോടെ കാണുക. സത്യവും അര്‍ധസത്യവും അസത്യവും തിരിച്ചറിയാനുള്ള വിവേകം, ശരിയായ അറിവിലൂടെ ഉണ്ടായാലേ ഇതു സാധിക്കൂ. കാരണം, അപ്പോഴേ എല്ലാറ്റിലും എല്ലാവരിലും ഒരേ അക്ഷരബ്രഹ്മമാണ് ഉള്ളതെന്ന അനുഭവം ഉറയ്ക്കൂ. അക്ഷരബ്രഹ്മത്തിന്റെ യഥാര്‍ഥഭാവം തെളിയാന്‍ ദ്വന്ദ്വബോധങ്ങളെന്ന ചായക്കൂട്ടുകള്‍ മുഴുവന്‍ മായണം. ശുദ്ധബോധത്തിലിരിക്കെ മനസ്സ് അതിന്റെ അമ്മയുടെ മടിയിലാണ് ഉള്ളത്. അത്യന്തം സുഖകരമായ ഇടമാണത്. ആ സുഖമാണ് ധ്യാനസുകൃതമായ ആനന്ദത്തിന്റെ ആരംഭം.
മൂന്ന്, സര്‍വ ഹിതത്തില്‍ ആനന്ദിക്കാന്‍ ശീലിക്കാം. പ്രവൃത്തിയുടെ ഫലമായുണ്ടാകാവുന്ന അതൃപ്തികള്‍ക്ക് മറുമരുന്നാണ് ഇത്. വിശ്വമെന്ന മഹാശരീരത്തിലെ ഒരു കണ്ണി മാത്രമാണ് ഞാന്‍ എന്നും എന്റെ ധര്‍മം ഈ മൊത്തം സംവിധാനത്തിന്റെ സുസ്ഥിതി പരിപാലിക്കലാണെന്നും തീര്‍ച്ചയായാല്‍, ഇത്തിരിവട്ടത്തൊതുങ്ങുന്ന 'ഞാന്‍' അപ്രധാനമായി. അതോടെ, കര്‍മഫലത്തില്‍ 'എനിക്കു'ള്ള താത്പര്യത്തേക്കാള്‍ എന്റെ ആത്യന്തികധര്‍മം പ്രസക്തമായി. എന്നില്‍ ശേഷിക്കുന്ന ഇച്ഛ സമഷ്ടിയുടെ ഇച്ഛയായി.
(തുടരും)




MathrubhumiMatrimonial