
ഗീതാദര്‍ശനം - 414
Posted on: 20 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
സര്‍വത്രഗമാണത്. എങ്ങും വ്യാപിച്ചിരിക്കുന്നു. എങ്ങും വ്യാപിച്ചേ പറ്റൂ. കാരണം, ഏതെങ്കിലുമൊരിടത്ത് അക്ഷരബ്രഹ്മം ഇല്ലെന്നു വരികില്‍ അത് ഒരു പരിച്ഛിന്നവസ്തുവായി ഭവിക്കും. പരിച്ഛിന്നമായാല്‍ അതിര്‍ത്തിയും രൂപവുമായി. ഇതു രണ്ടുമുള്ളതിന് എല്ലാറ്റിന്റെയും അടിസ്ഥാനം (കൂടസ്ഥം) ആയിരിക്കാന്‍ കഴിയില്ലല്ലോ.
അചിന്ത്യമാണ് അക്ഷരബ്രഹ്മം. നാമരൂപങ്ങളില്ലാത്തതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. ചിത്രങ്ങളുപയോഗിച്ചാണ് നമ്മുടെ ചിന്ത. ഈ ചിത്രങ്ങളെ കൂട്ടിയിണക്കുന്നേടത്തേ യുക്തി പ്രവര്‍ത്തിക്കൂ. രൂപമില്ലാത്തതിനു ചിത്രങ്ങളേ സാധ്യമല്ലാത്തതിനാല്‍ അതിനെപ്പറ്റി ആലോചന നടക്കില്ല, അതിനെപ്പറ്റി യുക്തിവിചാരവും പറ്റില്ല.
അത് 'കൂടവത് തിഷ്ഠതി' (കൂടംപോലെ ഇരിക്കുന്നു.) ലോഹപ്പണിക്കാരന്റെ പണിശാലയിലെ കൂടം, അതിന്മേല്‍ വെച്ച് എത്ര ഉരുപ്പടികള്‍ അടിച്ചു പരത്തി ഉണ്ടാക്കിയെടുത്താലും, ഒരു മാറ്റവും കൂടാതെ തുടരുന്നു. അതേപോലെ പ്രപഞ്ചം മുഴുക്കെ ഉരുത്തിരിച്ചിട്ടും മാറ്റം വരാതെ എല്ലാറ്റിന്റെയും അടിസ്ഥാനമായി ഇരിക്കുന്നു, അക്ഷരബ്രഹ്മം.
അചലമാണ് അഥവാ ഇളക്കമില്ലാത്തതാണ് അത്. ചലനം സ്ഥലകാലാവസ്ഥയില്‍ വരുന്ന മാറ്റമാണല്ലോ. ഒരു വസ്തുവിനു ചലിക്കണമെങ്കില്‍ അതില്ലാത്ത ഒരിടത്തേക്കല്ലേ പറ്റൂ? എല്ലാടവും നിറഞ്ഞിരിക്കുന്നതിന് എങ്ങോട്ടു നീങ്ങാനാവും? ഒരു 'ഒഴി'വും എങ്ങും ഇല്ലാത്തതിനാല്‍ അക്ഷരബ്രഹ്മത്തിന് എവിടേക്കും 'പോകാന്‍' പറ്റില്ല! എല്ലാ രൂപങ്ങളും അതില്‍ ചലിക്കുന്നുവെങ്കിലും കൂടസ്ഥമായ അതു ചലിക്കുന്നില്ല.
അതു ധ്രുവമാണ്. പരിണാമത്തിനു വിധേയമല്ലെന്നര്‍ഥം. കാലദേശപരിമിതികളുള്ളതേ പരിണമിക്കൂ. കാലദേശങ്ങളുടെ സൃഷ്ടിക്കുതന്നെ നിദാനമായ സത്ത എങ്ങനെ കാലദേശങ്ങള്‍ക്ക് അടിപ്പെടും? പ്രപഞ്ചമഹാസ്പന്ദം ആരംഭിക്കും മുമ്പേ അതുണ്ട്. അതിന്റെ സ്പന്ദമാണ് വാസ്തവത്തില്‍ മഹാപ്രപഞ്ചം. ചരാചരങ്ങളെല്ലാം പ്രളയത്തിലലിഞ്ഞാലും അതുണ്ടായിരിക്കയും ചെയ്യും.
(തുടരും)





