
ഗീതാദര്‍ശനം - 413
Posted on: 19 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
രണ്ട്, പരമമായ ശ്രദ്ധയോടെ വേണം ഉപാസന. വിശ്വാസം എന്ന ഒഴുക്കന്‍ അര്‍ഥമാണ് ശ്രദ്ധ എന്ന വാക്കിനു പറയാറ്. പക്ഷേ, ശ്രദ്ധ വെറും വിശ്വാസമല്ല. പുതുതായി അറിഞ്ഞ കാര്യത്തില്‍ സത്യബോധമുദിച്ച് ആ ബോധം സ്വന്തം പരിചിന്തനത്തിന്റെ ഫലമായി സ്വാനുഭവത്തില്‍ ബോധ്യപ്പെട്ട് അടിയുറച്ചുണ്ടാകുന്ന വിശ്വാസമാണ് ശ്രദ്ധ. ആദ്യമൊക്കെ ആരുടെ കൈ പിടിച്ചു നടന്നാലും പിന്നീട് താന്‍ അടി വെക്കുന്നിടം താന്‍തന്നെ നിരീക്ഷിച്ച് ബോധ്യപ്പെട്ടതാവണം.
യേ ത്വക്ഷരമനിര്‍ദേശ്യം
അവ്യക്തം പര്യുപാസതേ
സര്‍വത്രഗമചിന്ത്യം ച
കൂടസ്ഥമചലം ധ്രുവം
സംനിയമ്യേന്ദ്രിയഗ്രാമം
സര്‍വത്ര സമബുദ്ധയഃ
തേ പ്രാപ്നുവന്തി മാമേവ
സര്‍വഭൂതഹിതേ രതാഃ
ഇന്ദ്രിയങ്ങളെയെല്ലാം വേണ്ടുംവണ്ണം നിയന്ത്രിച്ച് എല്ലാറ്റിലും സമബുദ്ധിയോടെ എല്ലാ ചരാചരങ്ങളുടെയും നന്മയില്‍ തത്പരരായി ആരാണോ സര്‍വവ്യാപിയും അചിന്ത്യവും കൂടസ്ഥവും അചലവും ശാശ്വതവും അനിര്‍ദേശ്യവും അവ്യക്തവുമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നത് അവരും എന്നെത്തന്നെ പ്രാപിക്കുന്നു.
അക്ഷരബ്രഹ്മം അഥവാ അവ്യക്തമാധ്യമം അനിര്‍ദേശ്യമാണ്. രൂപമോ ഗുണമോ അടിസ്ഥാനമാക്കിയാണ് നിര്‍വചനം രൂപപ്പെടുത്തുക. ഇതു രണ്ടുമില്ലാത്തതിനെ നിര്‍വചിക്കാന്‍ ആവില്ല. പരിച്ഛിന്നമായതിനെ അതിര്‍ത്തികള്‍ വെച്ച് നിശ്ചയിച്ചു പറയാം. അതിരില്ലാത്തതാകയാല്‍ അതും പറ്റില്ല. കാണാന്‍ വയ്യാത്തതിനാല്‍ കണ്ടറിവു ചിത്രരൂപത്തില്‍ പകരാനാവില്ല. താരതമ്യം സാധ്യമല്ലാത്തതിനാല്‍ വാക്കുകൊണ്ട് വിവരിക്കാനുമാവില്ല.
(തുടരും)





