
ഗീതാദര്‍ശനം - 411
Posted on: 13 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
ഗീതയ്ക്കു ശേഷവും ദൈ്വതവും വിശിഷ്ടാദൈ്വതവും ഉണ്ടായി. ഏകമില്ലാതെ ദൈ്വതവും വിശേഷപ്പെട്ട ദൈ്വതവും സാധ്യമല്ലല്ലോ എന്നാണ് വ്യാസരുടെ നറുചിരി. ഏകമുണ്ടെങ്കില്‍ പിന്നെ അതല്ലേ പരമം?
പരമവും ഏകവുമായ സത്യം അനുപമേയമാകയാല്‍ നിര്‍വിശേഷമാണ്. അതിനെ സാക്ഷാത്കരിക്കലാണ് യോഗവിദ്യയുടെ ലക്ഷ്യം. യോഗശാസ്ത്രമെന്നാണ് ഗീതയെ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ ആരാധനാക്രമങ്ങളെയും അര്‍പ്പണബുദ്ധിയുടെ പ്രാഥമികതലങ്ങളായി കാണുമ്പോഴും യോഗശാസ്ത്രം അവയെയെല്ലാം അതിക്രമിക്കുന്നു. അതിനാല്‍ അതു വിശ്വാസഭേദങ്ങള്‍ക്ക് അതീതമാണ്, എല്ലാ മതങ്ങളുടെയും മതമാണ്.
യോഗവിദ്യയുടെ ഉപാധി മനസ്സും ബുദ്ധിയും ഉള്‍പ്പെടെയുള്ള ശരീരക്ഷേത്രമാണ്. പരമമായത് നമ്മില്‍ത്തന്നെ ലഭ്യമാണ് എന്നതാണ് ആ വിദ്യയുടെ അടിസ്ഥാനശില. എന്തിനെ ധ്യാനിക്കുന്നു എന്നതല്ല, എന്തുദ്ദേശ്യത്തോടെ എത്രത്തോളം നന്നായി ധ്യാനിക്കുന്നു എന്നതാണ് പ്രധാനം. ശ്രേഷ്ഠത അതിന്റെ അടിസ്ഥാനത്തിലാണ് കല്പിക്കപ്പെടേണ്ടത്. അതിനാല്‍, അടുത്ത മൂന്നു ശ്ലോകങ്ങളില്‍ വ്യാസര്‍, ആരാണ് കേമന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനു പകരം, എന്താണ് കേമത്തം എന്നു വിസ്തരിക്കുന്നു.
ശ്രീഭഗവാനുവാച:
മയ്യാവേശ്യ മനോ യേ മാം
നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാഃ
തേ മേ യുക്തതമാ മതാഃ
ശ്രീഭഗവാന്‍ പറഞ്ഞു:
മനസ്സിനെ എന്നില്‍ പ്രവേശിപ്പിച്ച് പരമശ്രദ്ധയോടെ എന്നെ ആരാണോ ഉപാസിക്കുന്നത് അവരാണ് ഉത്തമയോഗികള്‍ എന്നത്രെ എന്റെ അഭിപ്രായം.
(തുടരും)





