സൗരോര്‍ജ ഉത്‌പാദനത്തിന് വന്‍പദ്ധതി

Posted on: 12 Jan 2010

-എം.കെ.അജിത്കുമാര്‍




ന്യൂഡല്‍ഹി:അടുത്ത പന്ത്രണ്ടുവര്‍ഷംകൊണ്ട് 20,000 മെഗാവാട്ട് സൗരോര്‍ജത്തിന്റെ ഉത്പാദനം ലക്ഷ്യമിടുന്ന 'ജവാഹര്‍ലാല്‍ നെഹ്രു സോളാര്‍ മിഷന്‍' (സോളാര്‍ ഇന്ത്യ) പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. സോളാര്‍ മിഷന്‍ വലിയ ബിസിനസ്സ് സംരംഭമായി കണക്കാക്കി വ്യവസായികള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട സിലിക്കണ്‍ വാലികള്‍ പോലെ 'സോളാര്‍ വാലി'കള്‍ ഉണ്ടാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഊര്‍ജ ആവശ്യത്തിനു പരിഹാരം കാണാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും മിഷന് സാധിക്കും. 13 -ാം പഞ്ചവത്സര പദ്ധതിയുടെ അവസാനമാകുമ്പോള്‍ 20,000 മെഗാവാട്ട് വൈദ്യുതി മിഷനിലൂടെ ലഭ്യമാക്കുകയാണ് മിഷന്റെ ലക്ഷ്യം.

പദ്ധതിയുടെ വിജയത്തിന് വ്യവസായലോകത്തിന്റെ പങ്ക് നിര്‍ണായകമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവരസാങ്കേതിക വ്യവസായത്തിന് ഐ.ടി.വാലികള്‍ സ്ഥാപിക്കപ്പെട്ടതുപോലെ ഒട്ടേറെ സോളാര്‍ വാലികള്‍ ഉണ്ടാക്കണം. സൗരോര്‍ജ സയന്‍സ്, എന്‍ജിനീയറിങ്, ഗവേഷണം, സംയോജനം, ഉത്പാദനം തുടങ്ങിയവയെല്ലാം ഈ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് നടക്കണം. വ്യാപാരത്തിനുള്ള വന്‍സാധ്യതയായി ഈ മിഷനെ വ്യവസായികള്‍ കാണണം. സൗരോര്‍ജ രംഗത്ത് പൊതു-സ്വകാര്യ മേഖലകളില്‍ കഴിവുള്ളവരും ഗവേഷണസൗകര്യവും രാജ്യത്തുണ്ട് - പ്രധാനമന്ത്രി പറഞ്ഞു.

പവര്‍ ഗ്രിഡിലേക്ക് വലിയ അളവില്‍ വൈദ്യുതി ലഭ്യമാക്കുക മാത്രമല്ല, ഗ്രാമീണ സാമ്പത്തിക മേഖലയില്‍ വന്‍മാറ്റം വരുത്തുക മിഷന്റെ ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗരോര്‍ജ വെളിച്ചവും സൗരോര്‍ജപമ്പുകളും അതുപോലുള്ള മറ്റ് സംഗതികളും ഗ്രാമീണ ഇന്ത്യയുടെ മുഖം മാറ്റുകയും ഗ്രാമീണസാമ്പത്തികമേഖലയ്ക്ക് ശക്തിപകരുകയും ചെയ്യും. മിഷനിലൂടെ സൗരോര്‍ജത്തിന്റെ ഉപയോഗം വ്യാപിപ്പിക്കും. സുസ്ഥിര വികസനത്തിന് ജൈവ ഇന്ധനത്തെ മാത്രം ആശ്രയിക്കുന്നതില്‍നിന്ന് മാറ്റം വേണം. സൗരോര്‍ജ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് ലോകനേതാവാകന്‍ ഈ മിഷനിലൂടെ സാധിക്കും -പ്രധാനമന്ത്രി പ്രത്യാശിച്ചു.

സൗരോര്‍ജത്തിന്റെ വില തുടക്കത്തില്‍ കൂടതലായിരിക്കുമെങ്കിലും ഗ്രാമങ്ങളിലും ഗ്രാമീണഗൃഹങ്ങളിലും വൈദ്യുതി എത്തിക്കുന്നതിന് കഴിയുന്നതുംവേഗം വില കുറയ്ക്കുമെന്ന് പാരമ്പര്യേതര ഊര്‍ജമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞു. സോളാര്‍ മിഷന്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലാവും പ്രവര്‍ത്തിക്കുക. കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ 'എന്‍.ടി.പി.സി. വിദ്യുത് വ്യാപാര്‍ നിഗം ' സൗരോര്‍ജം വാങ്ങും. എന്‍.വി.വി.എന്‍. ആയിരിക്കും സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുക. സൗരോര്‍ജവും താപോര്‍ജവും ചേര്‍ത്തു നല്‍കുമ്പോള്‍ വൈദ്യുതിയുടെ വില യൂണിറ്റിന് അഞ്ചുരൂപയോ അതില്‍കുറവോ ആവും. 2022 ആകുമ്പോള്‍ 20 ദശലക്ഷം സൗരോര്‍ജലൈറ്റുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. അതു സാധ്യമായാല്‍ 100 കോടി ലിറ്റര്‍ മണ്ണെണ്ണ ഒരുവര്‍ഷം ലാഭിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 90 ശതമാനംവരെ സഹായം നല്‍കും. സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതിനുംമറ്റും മുപ്പതു ശതമാനം സഹായം നല്‍കും.

നാളെയുടെ പ്രതീക്ഷ

സൂര്യപ്രകാശംപോലുള്ള പുനരുത്പാദനക്ഷമമായ ഊര്‍ജസ്രോതസ്സുകളിലേക്കു ലോകം ശ്രദ്ധതിരിക്കാന്‍ രണ്ടു കാരണങ്ങളാണുള്ളത്. എണ്ണയും കല്‍ക്കരിയുമെല്ലാം കുറഞ്ഞുവരുന്നു. അന്തരീക്ഷ മലിനീകരണം മൂലമുള്ള ആഗോളതാപനത്തിന്റെ ഭീഷണി വര്‍ധിക്കുന്നു. ചെലവില്ലാതെ കിട്ടുന്ന സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റിയാല്‍ ഇന്ധനം തീര്‍ന്നുപോകുമെന്ന പേടി വേണ്ട; പരിസ്ഥിതി മലിനമാവുകയുമില്ല. ഇതിനുവേണ്ട സൗരവൈദ്യുതി സെല്ലുകളുടെ വില മാത്രമാണ് പ്രശ്‌നം.

വൈദ്യുതോപയോഗത്തില്‍ ആറാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. ദിനംപ്രതി ആവശ്യം ഉയരുകയുമാണ്. 1,47,000 മെഗാവാട്ടാണ് ഇപ്പോഴത്തെ ഉത്പാദനം. ഇതില്‍ 75 ശതമാനം താപവൈദ്യുതിയാണ്. കല്‍ക്കരിയും എണ്ണയും പ്രകൃതിവാതകവും കത്തിച്ചാണ് ഇതുണ്ടാക്കുന്നത്. 21 ശതമാനം ജലവൈദ്യുതി പദ്ധതികളില്‍ നിന്നു കിട്ടുന്നു. ബാക്കി നാലുശതമാനം ആണവപദ്ധതികളില്‍ നിന്നും കാറ്റും സൂര്യപ്രകാശവും പോലുള്ള പുനരുത്പാദനക്ഷമമായ സ്രോതസ്സുകളില്‍ നിന്നുമാണ്.

ആണവ പദ്ധതികളില്‍ നിന്ന് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 4,120 മെഗാവാട്ടുമാത്രമാണ്. നിലവിലുള്ള പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഇത് 30,000 മെഗാവാട്ടായി ഉയരുമെന്നാണ് പ്രതീക്ഷ. പ്രധാനമായും കാറ്റാടിയന്ത്രങ്ങളടങ്ങിയ പുനരുത്പാദനക്ഷമമായ ഊര്‍ജപദ്ധതികളുടെ പ്രഖ്യാപിതശേ ഷി 13,242 മെഗാവാട്ടാണ്. ഇതിനു പുറമെ 20,000 മെഗാവാട്ട് സൗരവൈദ്യുതി എന്ന ലക്ഷ്യം യാഥാര്‍ഥ്യമാകുമ്പോള്‍ പുനരുത്പാദനക്ഷമ ഊര്‍ജമേഖല ആണവോര്‍ജത്തെ മറികടക്കും.

അതോടെ എണ്ണയും കല്‍ക്കരിയും പോലുള്ള ഫോസില്‍ ഇന്ധനങ്ങളിലുള്ള അമിത വിധേയത്വം അവസാനിക്കുകയും ചെയ്യും.




MathrubhumiMatrimonial