githadharsanam

ഗീതാദര്‍ശനം - 410

Posted on: 07 Jan 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


അര്‍ജുന ഉവാച:
ഏവം സതതയുക്താ യേ
ഭക്താസ്ത്വാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം
തേഷാം കേ യോഗവിത്തമാഃ
അര്‍ജുനന്‍ പറഞ്ഞു-

ഇപ്രകാരം (മുന്നധ്യായത്തിന്റെ അവസാനപദ്യത്തില്‍ പറഞ്ഞപടി), (വിശ്വരൂപനായും സര്‍വജ്ഞനായും സര്‍വശക്തനായുമിരിക്കുന്ന) അങ്ങയില്‍ ഉറച്ച മനസ്സുള്ളവരായി ആരാണോ അങ്ങയെ ഭക്തിയോടെ ഉപാസിക്കുന്നത്, അവരോ അതോ അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്ന മറ്റു ചിലരോ ആരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗജ്ഞന്മാര്‍?
(ഇന്ദ്രിയങ്ങള്‍കൊണ്ടറിയാവുന്നത് വ്യക്തം, ഇന്ദ്രിയങ്ങള്‍ക്ക് അഗോചരമായത് അവ്യക്തം.)

അര്‍ജുനന്റെ (നമ്മുടെയും) മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിഞ്ഞാണ് വ്യാസര്‍ ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്. വിശ്വാസത്തിന്റെയും ഭക്തിയുടെയും ശ്രദ്ധയുടെയും ബലത്തില്‍ ഒരു ധ്യാനനിമിഷത്തില്‍ വിശ്വരൂപദര്‍ശനം കൈവരുന്നു. ആ രൂപത്തെ നിഷ്ഠയോടെ ആരാധിക്കുന്നവരുണ്ട്. എന്നാല്‍ മറ്റു ചിലര്‍ കാണാനേ കഴിയാത്ത അക്ഷരബ്രഹ്മത്തെയാണ് ധ്യാനിക്കുന്നത്. ഈ രണ്ടു വഴികളില്‍ മുന്തിയത് ഏതാണ് എന്നാണ് ചോദ്യം.

വേദങ്ങള്‍ പ്രപഞ്ചത്തില്‍ പ്രകടങ്ങളായ ശക്തികളെ ആരാധിച്ചു. പ്രാക്തനമായ അറിവാകട്ടെ, ഈ ശക്തികള്‍ക്കുമപ്പുറത്തുള്ള അടിസ്ഥാനമായ ഏകീകൃതബലത്തെ (അക്ഷരബ്രഹ്മത്തെ) ഏകസത്യമായി കരുതി. പ്രഞ്ചത്തിന്റെ നാഥനായ മഹേശ്വരനെ അദൃശ്യമായ ആ ഏകീകൃതബലമായും അതേസമയം അതിന്റെ കാരണമായും കരുതി. ഈ ചോദ്യത്തിന്റെ ഉത്തരം
''ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍....''

അവസാനിപ്പിക്കുന്നു. പ്രപഞ്ചജീവനെ ഭക്തിയോടെ ഉപാസിക്കുന്നവരും അക്ഷരബ്രഹ്മത്തെ ധ്യാനപൂര്‍വം ഉപാസിക്കുന്നവരും ഒരേ ലക്ഷ്യത്തില്‍ത്തന്നെയാണ്. കാരണം, ഇതു രണ്ടും രണ്ടല്ല, ഏകവും സത്യവുമാണ്.
(തുടരും)



MathrubhumiMatrimonial