githadharsanam

ഗീതാദര്‍ശനം - 409

Posted on: 07 Jan 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


സഗുണവും നിര്‍ഗുണവുമായ ഈശ്വരസങ്കല്പങ്ങള്‍ തമ്മിലുള്ള അന്തരവും പൊരുത്തവും ജ്ഞാനയോഗമെന്ന ഏഴാമധ്യായത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. (അതിലെ 21 മുതല്‍ 23 വരെ ശ്ലോകങ്ങള്‍ നോക്കുക. വിഭൂതിവിസ്തരയോഗമെന്ന പത്താമധ്യായത്തില്‍ ആരാധ്യരൂപങ്ങളുടെ നീണ്ട പട്ടികതന്നെ കാണാനുമാകും.) അരൂപമായ പരമാത്മസ്വരൂപംതന്നെയാണ് ആത്യന്തികമായ ധ്യാനവിഷയമാകേണ്ടതെന്നതില്‍ ഒരിടത്തും ഒരു സംശയവുമില്ല.
ഡോക്ടര്‍ രാധാകൃഷ്ണന്റെ അഭിപ്രായത്തില്‍, ''ഒരേ സത്യത്തിലേക്ക് അനേകം വഴികളുണ്ടെന്നും ഏതിലെയുള്ള പോക്കും ശരിതന്നെ എന്നുമുള്ള ഈ നിഗമനമാണ് ഗീത എന്ന വിജ്ഞാനഗ്രന്ഥത്തെ എല്ലാ അറിവുകളുടെയും അമ്മയാക്കുന്നത്. ഈ അറിവിന്റെ സംസ്‌കൃതി അകമെ കുടിയിരിക്കുന്നതിനാലാണ് നാനാത്വങ്ങളെ എന്നും ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഈ ഉപഭൂഖണ്ഡത്തിലെ ജനതതിക്ക് കഴിയുന്നത്.''
ഭിന്നിച്ചു വിരുദ്ധങ്ങളായി നിന്ന ബലങ്ങള്‍ ഏകീകൃതമാകുമ്പോഴുള്ള സുകൃതാനുഭൂതിയുടെ അഭിലഷണീയത മാത്രമാണ് 'പ്രിയം' എന്നതുകൊണ്ട് അര്‍ഥമാക്കേണ്ടത്. ഈ അനുഭൂതി ഭക്തനു പ്രിയപ്പെട്ടതാണ്. ആ അനുഭൂതിയുടെ തലത്തില്‍ ഭക്തനും പരംപൊരുളും വെവ്വേറെ അല്ലാത്തതിനാല്‍ ഭക്തന്റെ പ്രിയം പരംപൊരുളിന്റെ പ്രിയംതന്നെ എന്നു പറയാം.
വ്യക്തിജീവനു പ്രപഞ്ചജീവനുമായുള്ള പ്രേമബന്ധത്തെയാണ് ഗീത ഭക്തിയായി അവതരിപ്പിക്കുന്നത്. സ്വയംസമര്‍പ്പണമാണ് അതിന്റെ വഴി. കാണാനാവില്ലെന്നതോ പോകട്ടെ, അറിവു നേടാനുള്ള ഒരുപാധികൊണ്ടും അറിയാനാവാത്ത ഒന്നിനോട് എങ്ങനെ ഈ മനോഭാവത്തില്‍ എത്താന്‍? അതിന്റെ സാന്നിധ്യം അനുഭവിക്കാന്‍ എന്തു ചെയ്യും? അതിനുള്ള ഉപായമാണ് ഈ അധ്യായത്തില്‍ പറയുന്നത്. അതിനുള്ള അറിവു പാകമാക്കുകയാണ് ഇതുവരെയുള്ള അധ്യായങ്ങളില്‍ ചെയ്തത്. അറിവുണ്ടെങ്കിലേ യഥാര്‍ഥഭക്തിക്കു വേരുറുപ്പുള്ളൂ.


(തുടരും)



MathrubhumiMatrimonial