githadharsanam

ഗീതാദര്‍ശനം - 408

Posted on: 06 Jan 2010

സി. രാധാകൃഷ്ണന്‍



ഭക്തിയോഗം


ഗീതയെ ഏതു തലത്തില്‍ വായിച്ചാലും അത് അവതരിപ്പിക്കുന്ന കാതലായ അറിവിന്റെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. ആ അറിവിന്റെ സാംഗത്യമെന്തെന്ന് അരവിന്ദമഹര്‍ഷി നന്നായി അടയാളപ്പെടുത്തിത്തരുന്നു. ''ഗീതയിലെ ചിന്താപദ്ധതി ശുദ്ധമായ അദൈ്വതം മാത്രമല്ല. സൃഷ്ടിയുടെ ലോകത്തില്‍ സര്‍വവ്യാപിയായി മൂന്നു ഭാവത്തില്‍ വര്‍ത്തിക്കുന്ന പ്രകൃതിയുടെ മായയെപ്പറ്റി ഗീത പറയുന്നുവെങ്കിലും ഗീതയിലെ ചിന്താസരണി മായാവാദത്തിന്‍േറതല്ല. അതു ജീവന്‍ എന്ന പ്രതിഭാസമായി വര്‍ത്തിക്കുന്ന ശാശ്വതമായ പ്രകൃതിയെ ഏകത്തില്‍ സ്ഥാപിക്കുന്നു. അന്തിമമായ ആത്മീയബോധം ഈശ്വരനില്‍ വസിക്കുക എന്നതാണ്, അല്ലാതെ വിലയനം അല്ല, എന്നു ഗീത പറയുന്നുവെങ്കിലും അതു വിശിഷ്ടാദൈ്വതമല്ല. അതു ലോകസൃഷ്ടിയെ പുരുഷന്‍, പ്രകൃതി എന്ന ഇരട്ട തത്ത്വത്തിലൂടെ വിശദീകരിക്കുന്നു എങ്കിലും അതു സാംഖ്യവുമല്ല. പുരാണങ്ങള്‍ പറയുന്ന പ്രകാരം വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ പരമോന്നതദൈവതമായി അവതരിപ്പിക്കുന്ന വൈഷ്ണവാദൈ്വതവുമല്ല ഗീത-താര്‍ക്കികഭാഷ്യക്കാരില്‍നിന്ന് വിഭിന്നമായ ലക്ഷ്യമാണ് അതിനുള്ളത്. ഗീത താര്‍ക്കികയുദ്ധത്തിനുള്ള ആയുധമല്ല. അത് ആത്മീയസത്യത്തിന്റെയും അനുഭവത്തിന്റെയുംപൂര്‍ണലോകത്തേക്കു തുറക്കുന്ന ഒരു വാതിലാണ്.'' നമ്മുടെ ലക്ഷ്യം അതിന്റെ മൗലികവും ജീവത്തുമായ സന്ദേശം തിരിച്ചറിയലാകണം എന്നും അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നു.
ഭക്തിയെയും ഉപാസനയെയും ഈ വെളിച്ചത്തില്‍ കണ്ടാല്‍ എല്ലാ സംശയങ്ങളും നീങ്ങും. ഏതു രൂപത്തിലും ഈശ്വരനെ ഉപാസിക്കാമെന്ന് വിശാലമായ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും അനിര്‍വചനീയമായ പരംപൊരുള്‍തന്നെയാണ് പരമലക്ഷ്യമായിരിക്കേണ്ടത്.
ആളുകളുടെ കഴിവിനു പാകമായി പല സാധനാക്രമങ്ങളും പറയുന്നതിലൂടെ പരമാര്‍ഥദര്‍ശനത്തില്‍ വരാവുന്ന ഒരു മൂല്യശ്രേണിയെ മൊത്തമായി ഗീത അംഗീകരിച്ചിരിക്കുന്നു. എന്നാല്‍ അതിന്റെ പടികളിലൊന്നും തങ്ങാതെ കയറിപ്പോകണം.
(തുടരും)



MathrubhumiMatrimonial