ഇന്ത്യന്‍തീരത്ത് കടല്‍നിരപ്പുയരുന്നു

Posted on: 06 Jan 2010

-സ്വന്തം ലേഖകന്‍




തിരുവനന്തപുരം: ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലങ്ങള്‍ ഇന്ത്യ അനുഭവിച്ചുതുടങ്ങിയതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക്.

സര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണ്. കടലിന്റെ ഉപരിതലത്തിലെ ചൂട്കൂടി. മഞ്ഞുപാളികള്‍ ഉരുകുന്നതും വര്‍ധിച്ചു. ശാസ്ത്രകോണ്‍ഗ്രസ്സില്‍ 'കാലാവസ്ഥയും പരിസ്ഥിതിയും' എന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു ശൈലേഷ് നായക്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ വര്‍ഷംതോറും 3.1 മില്ലിമീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയര്‍ന്നത്. രണ്ടായിരംവരെ 1.3 മില്ലീമീറ്റര്‍ എന്ന തോതിലായിരുന്നു ഇത്. അഞ്ചുവര്‍ഷംകൊണ്ടുള്ള ഈ മാറ്റം ആശങ്കാജനകമാണ്. കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളാണ് കടന്നുപോയത്.

കാലവര്‍ഷത്തില്‍ ഈ മാറ്റത്തിന്റെ സ്വാധീനത്തെക്കുറിച്ച് പഠിക്കുന്നതേയുള്ളൂ. എന്നാല്‍ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. കനത്തമഴയും കടുത്ത ചൂടും അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കൂടുതലായി ഉണ്ടാവുന്നു. ഇത് കാലാവസ്ഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതിന്റെ സൂചനയാണ്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിച്ച ഈ സ്ഥിതിവിവരക്കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ കാലാവസ്ഥാ ഗവേഷണത്തിന് ഇപ്പോള്‍ 100 കോടി രൂപയാണ് അനുവദിക്കുന്നത്. കാലാവസ്ഥാ ഗവേഷണത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കാനുള്ള കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ കടല്‍ത്തീരമുള്ള ഇന്ത്യയ്ക്ക് ആഗോളതാപനം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അറ്റ്‌മോസ് ഫിയറിക് സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ചെയര്‍മാന്‍ റോദം നരസിംഹ പറഞ്ഞു. തീരദേശത്ത് ജനസംഖ്യയും കൂടുതലാണ്. കടല്‍നിരപ്പുയരുന്നത് കടല്‍ത്തീരത്ത് താമസിക്കുന്നവരുടെ പലായനത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതാപനം കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് പ്രവചിക്കാനാവുമെന്ന് പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മിറ്റീരിയോളജിയിലെ ആഗോളതാപന വിഭാഗം മേധാവി ഡോ. ആര്‍. കൃഷ്ണന്‍ പറഞ്ഞു. ഇതിനായുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍.

ആഗോളതലത്തില്‍ കാര്‍ബണ്‍ വ്യാപനത്തിന്റെ തോത് 2009-ല്‍ 387 പി.പി.എം. ആയി വര്‍ധിപ്പിച്ചുവെന്ന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സസിലെ കാലാവസ്ഥാ വ്യതിയാനകേന്ദ്രം ഡയറക്ടര്‍ ജി. ബാല ചൂണ്ടിക്കാട്ടി. ഐ.എസ്.ആര്‍.ഒ. പ്രോഗ്രാം ഡയറക്ടര്‍ ഡോ. സി.ബി.എസ്. ദത്ത് കോ-ഓര്‍ഡിനേറ്ററായിരുന്നു.







MathrubhumiMatrimonial