
ഗീതാദര്‍ശനം - 407
Posted on: 05 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
''സര്‍വം ഈശ്വരമയമാണ് എന്നറിഞ്ഞ്, ഒരു ജീവിയെയും വെറുക്കാതെ, എല്ലാ ചരാചരങ്ങളുടെയും ഹിതത്തില്‍ തത്പരനായി ജീവിക്കുക'' എന്നല്ലേ മുന്നധ്യായത്തില്‍ പറഞ്ഞു നിര്‍ത്തിയത്? അപ്പോള്‍, ഒരു പ്രത്യേകസങ്കല്പത്തില്‍ ഈശ്വരനെ ഭജിക്കുന്ന ഒരാള്‍ മറ്റു നാമങ്ങളിലോ രൂപങ്ങളിലോ ഈശ്വരാരാധന നടത്തുന്നവരെ എങ്ങനെ കാണണം? അവരുടെ മാര്‍ഗത്തെ എങ്ങനെ വിലയിരുത്തണം?
അര്‍ജുനന്‍ കണ്ട പടി ഈ രൂപം വേറെ ആരും മുന്‍പു കണ്ടിട്ടില്ലെന്നുകൂടി കൃഷ്ണന്‍ പറഞ്ഞു. എങ്കില്‍, മറ്റുള്ളവര്‍ ആരാധിക്കുന്ന അനേകം ഭിന്നരൂപങ്ങളെല്ലാം ആര്‍ എങ്ങനെ കണ്ടു, എന്തിനു കാണിച്ചു?
മുന്നധ്യായങ്ങളില്‍ പറഞ്ഞ നിര്‍ഗുണപരമാത്മാവിനെയാണ് ധ്യാനിക്കേണ്ടത് എങ്കില്‍ ആ പരമാത്മതത്ത്വം അതിനെ ധ്യാനിക്കുന്നവരെ 'എനിക്കു പ്രിയപ്പെട്ടവര്‍' എന്നൊക്കെ വിളിക്കുന്നതില്‍ വൈരുധ്യമില്ലേ? നിര്‍ഗുണമായ അതിന് ആരോടെങ്കിലും എന്തിനോടെങ്കിലും പ്രിയമോ അപ്രിയമോ ഉണ്ടാകുന്നതെങ്ങനെ?
ഗീതയുടെ രചനാകാലത്തുതന്നെ ഈശ്വരനെ, പലതരം വിശ്വാസികള്‍, ഒരുപാട് നാമരൂപങ്ങളില്‍ ആരാധിച്ചിരുന്നു എന്നു കരുതിയാലേ അര്‍ജുനന്റെ ഈഷലുകളുടെ സാംഗത്യം മനസ്സിലാവൂ. വേദങ്ങളിലെ ഇഷ്ടദേവതകളുടെ സംഖ്യ അളവറ്റതാണ്. മറ്റേ അറ്റത്ത്, സാംഖ്യം മുതലായ ദര്‍ശനങ്ങള്‍ ഈശ്വരാരാധനയ്ക്ക് ഒട്ടും പ്രാധാന്യം നല്കിയിരുന്നുമില്ല. യഥാര്‍ഥത്തില്‍ എല്ലാം ഈശ്വരമയമായതിനാല്‍ ഈശ്വരനെ ഏതു രൂപത്തിലും ആരാധിക്കാമെന്ന് ഗീത നിര്‍ദേശിക്കുന്നു. ഈശ്വരനു രൂപമില്ലാത്തതിനാല്‍ എല്ലാ രൂപങ്ങളും ഈശ്വരന്‍േറത്, ഈശ്വരനു നാമമില്ലാത്തതിനാല്‍ എല്ലാ നാമങ്ങളും ദൈവനാമങ്ങള്‍. ലക്ഷ്യം നാമരൂപങ്ങള്‍ക്കപ്പുറമുള്ള പരംപൊരുള്‍. പക്ഷേ, വഴികള്‍ നിരവധി.
ഭാഗവതത്തില്‍ കാണുന്ന കോമളമായ ബാലഗോപാലത്വമോ ഗോപികാരമണത്വമോ ഈശ്വരാവതാരപരിവേഷമോ ഭാരതത്തിലെ കൃഷ്ണന് ഇല്ല. ആദിപര്‍വത്തിന്റെ അവസാനത്തില്‍ ദ്രൗപദീസ്വയംവരഘട്ടത്തിലാണ് കൃഷ്ണന്‍ ഭാരതകഥയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്നുതൊട്ട് കൃഷ്ണാര്‍ജുനന്മാര്‍ ആത്മാര്‍ഥസുഹൃത്തുക്കളായി. തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആശ്ലേഷമാണ് അവരുടെ അഭിവാദനരീതി. അവര്‍ ഒരുമിച്ചു കളിച്ചും ചിരിച്ചും ഉല്ലാസയാത്ര നടത്തിയും ഇടപഴകി. അര്‍ജുനന്‍ ആയുധവിദ്യയില്‍ അദ്വിതീയനാണെങ്കില്‍ കൃഷ്ണന്‍ യോഗേശ്വരനാണ്, അതായത് ബ്രഹ്മവിദ്യയില്‍ പ്രവീണനാണ്. പക്ഷേ, ഈ യോഗം പാതഞ്ജലയോഗമല്ല, അപൗരുഷേയമായ അറിവിന്റെ ഫലമായ ആത്മസാക്ഷാത്കാരകൗശലമാണ്. ആ അറിവ് വേദങ്ങള്‍ക്കും മുമ്പേ ഉള്ളതും പരമ്പരാപ്രാപ്തവുമാണ്.
(തുടരും)





