githadharsanam

ഗീതാദര്‍ശനം - 406

Posted on: 04 Jan 2010

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം



മത് കര്‍മകൃത് മത്പരമഃ
മദ്ഭക്തഃ സംഗവര്‍ജിതഃ
നിര്‍വൈരഃ സര്‍വഭൂതേഷു
യഃ സ മാമേതി പാണ്ഡവ
ഹേ പാണ്ഡവാ, എല്ലാ കര്‍മങ്ങളും എന്നില്‍ അര്‍പ്പിതമായി ചെയ്യുന്നവനും എന്നെ പരമാശ്രയമായി കരുതുന്നവനും എന്നില്‍ ഭക്തിയുള്ളവനും മറ്റൊന്നിനോടും സംഗമില്ലാത്തവനും ചരാചരങ്ങളില്‍ ഒന്നിനോടും വൈരമില്ലാത്തവനുമായി ഏതൊരാളുണ്ടോ അയാള്‍ എന്നെ പ്രാപിക്കുന്നു.
ഗീതയിലെ മര്‍മപ്രധാനമായ സൂത്രവാക്യങ്ങളില്‍ ഒന്നാണ് ഇത്. അനന്യഭക്തി എന്താണെന്നതില്‍ വല്ല സംശയവും ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ അതുകൂടി ദൂരീകരിക്കുന്നു. അനന്യഭക്തിയെന്ന മാനസികനിലയില്‍ എത്താന്‍ വേണ്ടിവരുന്ന അറിവും പരിശ്രമവും എല്ലാം ഇതിനു മുന്‍പുള്ള അധ്യായങ്ങളില്‍ വിസ്തരിച്ചു. യഥാര്‍ഥ അറിവോടുകൂടി യഥാര്‍ഥഭക്തിക്കു തുടക്കമായി. ഇനി ബ്രഹ്മവിദ്യയുടെ അടുത്ത പടി കയറുന്നു. ഈ ഒരു ശ്ലോകത്തെ കൂടുതല്‍ വിശദമാക്കുകയാണ് അടുത്ത അധ്യായത്തില്‍.
പരംപൊരുളിനോടുള്ള ഭക്തി ഉണ്ടായിരിക്കെത്തന്നെ മറ്റെല്ലാറ്റിനോടും വൈരമാണെങ്കിലോ? ലോകത്ത് പരംപൊരുളല്ലാതെ മറ്റെന്തിനോടെങ്കിലും സംഗം (തന്മയീഭാവം) ഉണ്ടാകുന്നത് പരംപൊരുളിനോടുള്ള തന്മയീഭാവത്തിന്റെ അനന്യതയ്ക്ക് എപ്രകാരം വിഘാതമാകുന്നുവോ, അപ്രകാരംതന്നെയാണ് ചരാചരങ്ങളില്‍ ഏതിനോടെങ്കിലും വൈരമുണ്ടാകുമ്പോഴും സംഭവിക്കുന്നതും. മനസ്സിനെ രണ്ടും ഒരുപോലെയാണ് തടഞ്ഞിടുന്നത്. അതു മാത്രവുമല്ല, ചരാചരങ്ങളെല്ലാം പരംപൊരുള്‍തന്നെ ആണെന്നിരിക്കെ ഈ വൈരം അടിസ്ഥാനപരമായ അറിവില്‍ ന്യൂനതയായി ഇരിക്കുമല്ലോ. അപ്പോള്‍, തെറ്റു ചെയ്യുന്നവരെ (അറിവു തികയാത്തവരെ) മനസ്സുകൊണ്ടു ദ്വേഷിക്കാതെതന്നെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശീലിക്കുന്നതാണ് ശുദ്ധമായ ഭക്തിയുള്ളവരുടെ ലക്ഷണം.
ഇതുപോലെ പ്രധാനമാണ് വിഹിതകര്‍മങ്ങളെല്ലാം ചെയ്യണം എന്നതും. ധര്‍മാധിഷ്ഠിതമായ ഒന്നും ഉപേക്ഷിക്കരുത്. സഹയജ്ഞക്കാരായ മറ്റു പരമാത്മപ്രജകളെ ഉപേക്ഷിച്ചും വിസ്മരിച്ചും തനിക്കു മോക്ഷം കൊതിക്കുന്നത് വെറുതെയേ ആകൂ. കര്‍മസന്ന്യാസത്തേക്കാള്‍ വിശിഷ്ടം കര്‍മയോഗമാണെന്ന് നേരത്തേ പറഞ്ഞുവെച്ചതിനോട് ഇതിനെ കൂട്ടി വായിക്കാം.
സ്വമനസ്സിനെ പ്രപഞ്ചമനസ്സുമായി ഇണക്കി നിര്‍ത്തി സര്‍വഭൂതഹിതത്തിനായി കര്‍മങ്ങള്‍ ചെയ്ത് എല്ലാരെയും എല്ലാറ്റിനെയും സ്‌നേഹിച്ച് ആനന്ദസ്വരൂപനായി നൂറു ശരത്കാലം വാഴാം.
ഇതി വിശ്വരൂപദര്‍ശനയോഗോ നാമ
ഏകാദശോശധ്യായഃ
വിശ്വരൂപദര്‍ശനയോഗമെന്ന പതിനൊന്നാമധ്യായം സമാപിച്ചു

(തുടരും)



MathrubhumiMatrimonial