githadharsanam

ഗീതാദര്‍ശനം - 405

Posted on: 02 Jan 2010

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ഈ അധ്യായത്തില്‍ ശേഷിക്കുന്ന രണ്ട് പദ്യങ്ങള്‍ ഭക്തിയോഗമെന്ന അടുത്ത അധ്യായത്തിലേക്കുള്ള പ്രവേശികയാണ്. അതേസമയം, ഇവ ഗീതയുടെ കാതലായ സാരത്തെ ചിമിഴിലെന്നപോലെ ഉള്‍ക്കൊള്ളുന്നുമുണ്ട്. പരംപൊരുളിനെ അതിന്റെ ശരിയായ തലത്തില്‍ അറിയാനും കാണാനും അവസാനം അതില്‍ ലയിക്കാനുമുള്ള ഒരേ ഒരു ഉപായം ഭക്തിയാണ്. മോക്ഷത്തിലേക്കുള്ള വഴികളില്‍ ഏറ്റവും നല്ലത് ഭക്തിയാണെന്ന് നാരദഭക്തിസൂത്രം മുതലായ എല്ലാ കാഴ്ചപ്പാടുകളിലും കാണാം. ഗീത ഭക്തിയുടെ പ്രാധാന്യം പലേടത്തായി ആവര്‍ത്തിച്ചു പറയുന്നു. എല്ലാ അധ്യായങ്ങളിലും ഈ വിഷയത്തെക്കുറിച്ച് കാര്യമായ വെളിപാടുകള്‍ നല്‍കുന്നു.

ഭക്തി എന്നാല്‍ അര്‍പ്പണബോധത്തിന്റെ പാരമ്യംതന്നെ. സുഖത്തിനോ മറ്റെന്തെങ്കിലും കിട്ടാനോ ആയി ഏതെങ്കിലും ദൈവത്തിനെ താണു വണങ്ങുന്നതാണ് ഭക്തിയെന്നാണ് പരക്കെ ധാരണ. എല്ലാ കോവിലിലും പോയി കുമ്പിടാം, ആരാണ് ആദ്യം പ്രസാദിക്കുക എന്ന് നിശ്ചയിക്കാനാവില്ലല്ലോ, എന്നതാണ് സമീപനം.

പക്ഷേ, ശരിയായ അറിവു കിട്ടുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ നീങ്ങുന്നു. തനിക്ക് എന്നുമുള്ള ഒരേ ഒരു കാര്യം ഈശ്വരന്‍ മാത്രമാണെന്നും മറ്റുള്ളവരും മറ്റെല്ലാതും ഏതെങ്കിലും രീതിയില്‍ നശിക്കുന്നതാണെന്നുമുള്ള അറിവ് അനുഭവമാകുമ്പോള്‍ ഭക്തിയുടെ രീതി മാറുന്നു. അറിവുള്ളവരുടെ ഭക്തി സമര്‍പ്പണം മാത്രമാകുന്നു. പക്വത തികഞ്ഞവര്‍ എന്തെങ്കിലും നേടാനോ നിലനിര്‍ത്താനോ ആഗ്രഹിക്കുന്നില്ല; ഈശ്വരനെ അല്ലാതെ. അങ്ങനെ ഭക്തനും ഭക്തിവിഷയവും ഒന്നായിരിക്കുന്ന അവസ്ഥയാണ് യഥാര്‍ഥഭക്തിയുടെ സ്വരൂപം. വെവ്വേറെയുള്ള ഇരിപ്പിന്റെ വിപരീതമാണ് ചേര്‍ന്നുള്ള ആ ഇരിപ്പ്.

ഭക്തി പരിശുദ്ധമാകണമെങ്കില്‍ അനന്യമാകണം. അതായത് തികച്ചും ഏകാഗ്രമാവണം.
മനസ്സെന്ന മഹാഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്തിമാര്‍ഗത്തിന്റെ നിലനില്പ്. ഇന്ദ്രിയങ്ങളില്‍നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ കാരണവും ജീവനില്‍ പണ്ടേ ഉള്ള വാസനകളുടെ പ്രവര്‍ത്തനത്താലും മനസ്സ് അതിന്റെ അനന്തസിദ്ധികള്‍ മറന്നുപോകാറാണ് പതിവ്. ഇതു രണ്ടില്‍നിന്നും സ്വതന്ത്രമായ ഒരു മാനസിക നിലപാട് സാധ്യമാണെന്ന് ബുദ്ധികൊണ്ട് അറിയുകയും അതില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന പക്ഷം അത്ഭുതകരമായ സാധ്യതയുടെ വാതില്‍ തുറന്നു കിട്ടുന്നു. ബുദ്ധിയില്‍ തെളിയുന്ന അറിവിനു പിന്നാലെ ജീവനെ നയിക്കാന്‍ മനസ്സിന് കഴിയുന്നു. മനുഷ്യനല്ലാതെ വേറൊന്നിനും ഈ കഴിവില്ല. മനസ്സിനെ ആ നേരിനോട് അനന്യമായി ഇണക്കണം. ഇതിനുള്ള വിദ്യയാണ് അധ്യാത്മവിദ്യ. തന്മയീഭാവമാണ് ഈ വിദ്യയുടെ സൂത്രവാക്യം.
(തുടരും)



MathrubhumiMatrimonial