
ഗീതാദര്‍ശനം - 404
Posted on: 01 Jan 2010
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
നാഹം വേദൈര്‍ ന തപസാ
ന ദാനേന ന ചേജ്യയാ
ശക്യ ഏവം വിധോ ദ്രഷ്ടും
ദൃഷ്ടവാനസി മാം യഥാ
എന്നെ ഏതു രൂപത്തിലാണോ നീ കണ്ടത് അങ്ങനെ (എന്നെ) കാണാന്‍ വേദംകൊണ്ടോ തപസ്സുകൊണ്ടോ ദാനംകൊണ്ടോ യാഗംകൊണ്ടോ കഴിയില്ല.
മുന്‍ശ്ലോകത്തില്‍ സൂചിപ്പിച്ച കാര്യം തെളിച്ചുതന്നെ പറയുന്നു. വേദപദത്തെ വൈദികസംസ്‌കാരത്തിന്റെ അടിത്തറയായ പാഠങ്ങളെന്നോ അറിവ് എന്ന പൊതുവായ അര്‍ഥത്തിലോ എടുക്കാം. അനുഭവജ്ഞാനമല്ലാത്ത അറിവുകൊണ്ട് ആത്മസ്വരൂപദര്‍ശനം സാധ്യമല്ല. അഥവാ, ഋഗ്വേദാദികള്‍ കമ്പോടുകമ്പ് പഠിക്കുന്നതുകൊണ്ടും പറ്റില്ല. ദേവപ്രീതിക്ക് യജ്ഞം നടത്തിയാലൊന്നും ഈ കാര്യം നടപ്പില്ലെന്നും എന്തുകൊണ്ടെന്നും മുന്‍ പദ്യത്തില്‍ വിശദീകരിച്ചു. ദാനം ചെയ്ത് പുണ്യം നേടിയിട്ടോ ശരീരത്തെ പീഡിപ്പിച്ച് തപസ്സു ചെയ്തിട്ടോ പ്രയോജനമില്ലെന്നും നേരത്തേ പ്രസ്താവിച്ചു.
അര്‍ജുനന്‍ വേദം പഠിച്ചോ തപസ്സു ചെയേ്താ ദാനം കൊടുത്തോ യജ്ഞം നടത്തിയോ അല്ല ഈ ദര്‍ശനത്തിന് അര്‍ഹനായത്. പിന്നെ എന്തായിരുന്നു അര്‍ജുനന്റെ യോഗ്യത?
ഭക്ത്യാ ത്വനന്യയാ ശക്യഃ
അഹമേവംവിധോശര്‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന
പ്രവേഷ്ടും ച പരന്തപ
എങ്കിലോ പരന്തപനായ അര്‍ജുനാ, ഈ വിധമുള്ള എന്നെ താത്ത്വികമായി അറിയാനും കാണാനും മാത്രമല്ല എന്നില്‍ ലയിക്കാനും അനന്യഭക്തികൊണ്ട് സാധിക്കും.
(തുടരും)





