
ഗീതാദര്‍ശനം - 403
Posted on: 31 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ശ്രീഭഗവാന്‍ പറഞ്ഞു-
നീ കണ്ട എന്റെ ഈ രൂപമുണ്ടല്ലോ അത് കണ്ടുകിട്ടാന്‍ വളരെ പ്രയാസമുള്ളതാണ്. ദേവന്മാര്‍പോലും എപ്പോഴും ഈ രൂപത്തിന്റെ ദര്‍ശനം മോഹിച്ചു കഴിയുന്നവരാണ്.
വൈദികസങ്കല്പത്തിലെ ദേവന്മാര്‍ സവിശേഷശക്തികളും സിദ്ധികളുമുള്ളവരാണ്. മനുഷ്യര്‍ക്ക് അസാധ്യമായതെല്ലാം അവര്‍ക്ക് സാധ്യമാണ്. പ്രകൃതിശക്തികളെ നിയന്ത്രിക്കുന്നത് ദേവന്മാരാണ്. ആ ദേവന്മാര്‍പോലും ഈ വിശ്വരൂപദര്‍ശനം കൊതിച്ച് കഴിയുന്നു. എന്നുമവര്‍ അതു മോഹിച്ചു കഴിയുന്നത് അത് കിട്ടാത്തതുകൊണ്ടാണല്ലോ.
യജ്ഞങ്ങള്‍ ചെയ്ത് ദേവന്‍മാരെ പ്രീതിപ്പെടുത്തിയാല്‍ കിട്ടാവുന്നതല്ല ഇതെന്നര്‍ഥം. ആ ദേവന്മാര്‍തന്നെ ഇതും കൊതിച്ച് നടക്കുന്നു. താനുണ്ണാത്ത തേവരെങ്ങനെ വരം തരാന്‍!
ആരെയും ഒന്നിനെയും കളിയാക്കാനായി രചിച്ചതല്ല ഈ പദ്യമെങ്കിലും ഇതിലെ ചമല്‍ക്കാരം ബഹുവിശേഷമാണ്. പ്രകൃതിശക്തികളെയാണ് ദേവന്മാരായി സങ്കല്പിച്ചിരിക്കുന്നത്. ക്ഷരപ്രപഞ്ചത്തിലെ ഈ ശക്തികള്‍ അക്ഷരമാധ്യമത്തിന്റെയും പരംപൊരുളിന്റെയും സൃഷ്ടികളാണ്. ഉത്പന്നത്തിന് അതിന്റെ സ്രഷ്ടാവായ ഉണ്മയെ 'കാണാ'നാവില്ലെന്നത് യുക്തിഭദ്രമായ കാര്യമാണ്. കാണണമെന്ന 'ആഗ്രഹം' എന്നുമെപ്പോഴും ഉണ്ടായിരിക്കുമെന്നു കരുതുന്നതില്‍ തെറ്റുമില്ല. ഈ ശക്തികള്‍ക്ക് ആ കാഴ്ച കിട്ടാനുള്ള ഉപാധികള്‍ (ഇന്ദ്രിയമനോബുദ്ധിസഹിതങ്ങളായ ജീവക്ഷേത്രങ്ങള്‍) ഇല്ലാത്തതാണ് അവയുടെ ഈ നിസ്സഹായാവസ്ഥക്ക് കാരണം.
മനുഷ്യജന്മത്തിന്റെ നിരതിശയമായ മഹത്ത്വത്തെയാണ് ഈ പ്രസ്താവത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. പ്രപഞ്ചത്തില്‍ ആത്മസ്വരൂപദര്‍ശനത്തിന് ഉപാധിയും സൗകര്യവുമുള്ള ജീവക്ഷേത്രമാണ് മനുഷ്യന് കൈവന്നിരിക്കുന്നത്. ജീവജാലങ്ങളില്‍ മനുഷ്യനു മാത്രമേ ഈ അനുഗ്രഹമുള്ളൂ, പാഴാക്കരുത് എന്ന് താത്പര്യം.
(തുടരും)





