
ഗീതാദര്‍ശനം - 402
Posted on: 30 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ശ്രീഭഗവാനുവാച-
സുദുര്‍ദര്‍ശമിദം രൂപം
ദൃഷ്ടവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ
നിത്യം ദര്‍ശനകാംക്ഷിണഃ
വളരെ വലിയ ആശ്വാസത്തിന്റെ സുദീര്‍ഘമായ നെടുവീര്‍പ്പോടെയാണ് അര്‍ജുനന്‍ ഇതു പറയുന്നതെന്ന് സ്പഷ്ടം. കൃഷ്ണന്റെ സൗമ്യമായ മനുഷ്യരൂപംതന്നെയാണ് അര്‍ജുനന്‍ ഇപ്പോള്‍ കാണുന്നത് എന്നതില്‍ ഒരു തര്‍ക്കത്തിനും ഈ ശ്ലോകത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ അര്‍ഥതലങ്ങള്‍ ഇടം നല്‍കുന്നില്ല. മാത്രമല്ല, ആദ്യംതൊട്ടേ തേര്‍ത്തട്ടില്‍ ഇരുന്നത് ശംഖുചക്രഗദാധാരിയായ ചതുര്‍ഭുജരൂപമല്ലെന്നുകൂടി വ്യക്തമാകുന്നു. പിന്നെയോ, സൗമ്യവും സാധാരണവുമായ മനുഷ്യരൂപംതന്നെയാണ്. ഒരുപക്ഷേ, ഇനി മേലില്‍ അര്‍ജുനന് കൃഷ്ണനെ 'എടോ ഗോപാലകൃഷ്ണാ, യാദവാ, ചങ്ങാതീ' എന്നൊന്നും വിളിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. റോളുകള്‍ മാറിയിരിക്കുന്നുവല്ലോ. അര്‍ജുനന്റെ കണ്ണില്‍ കൃഷ്ണന്‍ പരമഗുരുവും പരമാത്മാവുതന്നെയുമായിക്കഴിഞ്ഞു. അത് മറ്റൊരു കാര്യം. സമീപനത്തില്‍ ഉണ്ടായിരിക്കാവുന്ന ഈ മാറ്റം ഒഴികെ മറ്റെല്ലാറ്റിലും അര്‍ജുനന്‍ 'നോര്‍മല്‍' ആയിത്തീര്‍ന്നു. ആശങ്കകള്‍ അകന്നു, സംശയങ്ങള്‍ പോയി, പ്രപഞ്ചസാരം ഗ്രഹിച്ചു, കാലത്തിന്റെ സംഹാരരൂപം നേരില്‍ കാണുകയും ചെയ്തു.
അതില്‍പ്പിന്നെ ക്ഷരപ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇരുവരും തിരിച്ചെത്തിയിരിക്കയാണ്. നിവര്‍ന്നിരുന്ന് ഒന്ന് നന്നായി ശ്വാസം കഴിക്കാന്‍ നമുക്കും ഒരു 'ഇടവേള'. ഇപ്പോള്‍ അര്‍ജുനന്‍ മധ്യമപാണ്ഡവനെന്ന വില്ലാളിയായി പടക്കളത്തില്‍ സ്ഥിതി ചെയ്യുന്നു. കൃഷ്ണന്റെ 'സൗമ്യം മാനുഷം രൂപം' ചമ്മട്ടിയും കടിഞ്ഞാണുമായി തേര്‍ത്തട്ടിലും. യുദ്ധം തുടങ്ങാറായി. സൈന്യങ്ങള്‍ ആര്‍ത്തു വിളിക്കുന്നു. വാദ്യങ്ങള്‍ മുഴങ്ങുന്നു.
സംവാദം പക്ഷേ, തുടരുകയാണ്. ഇനി അതിന്റെ ഗതി, നിമിത്തമാത്രമായ നിയതകര്‍മത്തിന്റെ നിര്‍വഹണസമയത്തും അറിവിനെ സ്വീകരിക്കുമ്പോഴും എല്ലാം ഒരുപോലെ ഉണ്ടാകേണ്ട അര്‍പ്പണഭാവത്തിലേക്ക് നീങ്ങുന്നു.
(തുടരും)





