
ഗീതാദര്‍ശനം - 401
Posted on: 29 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ധ്യാനാവസ്ഥയിലെ ദര്‍ശനത്തിലേക്ക് പ്രവേശിക്കാനെന്നപോലെ അതില്‍നിന്ന് തിരികെ പോരാനും വേണം പരമാത്മകാരുണ്യം. കാരണം, ലോകത്തെ പഴയപോലെ കാണാന്‍ ഇന്ദ്രിയമനോബുദ്ധികള്‍ക്ക് സാവകാശം നല്‍കുന്ന 'ദേവതക'ളും പരമാത്മസ്ഫുലിംഗങ്ങള്‍തന്നെ. ('ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിഃ' - 4, 24 - എന്ന ശ്ലോകം ഓര്‍ക്കുക.)
അര്‍ജുനന് രഹസ്യങ്ങളുടെ രഹസ്യമായ അറിവും വിദ്യകളുടെ വിദ്യയായ വിദ്യയും ഉപദേശിച്ചു കഴിഞ്ഞു, ഇപ്പോള്‍ വിശ്വരൂപദര്‍ശനവും ലഭിച്ചു. എങ്കില്‍ ഇനി എന്താണ് ഗീതയ്ക്ക് ചെയ്യാനുള്ളത്, ഇവിടംവരെ പോരെ പാഠം എന്നു സന്ദേഹിക്കേണ്ട. എന്തുകൊണ്ടെന്നാല്‍, സൈദ്ധാന്തികമായ അറിവുകൊണ്ടോ ധ്യാനഫലമായ ഒരു ഉള്‍ക്കാഴ്ചകൊണ്ടോ മാത്രം പൂര്‍ണമാകുന്നതല്ല ബ്രഹ്മവിദ്യാഭ്യാസം. സ്ഥിതപ്രജ്ഞന്റെ നിലയിലേക്ക് എത്തിയാലേ അത് സമാപിപ്പിക്കാനാവൂ. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനും പഠിയാനുമുണ്ട്. സൃഷ്ടികള്‍ തമ്മിലുള്ള ബന്ധങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുക്കലാണ് പ്രധാനമായും വിശ്വരൂപദര്‍ശനംകൊണ്ട് സാധിക്കുന്നത്. സുഹൃത്തും ഗുരുവും സാരഥിയുമായ കൃഷ്ണന്‍ പരമാത്മസ്വരൂപമാണെന്ന് തെളിഞ്ഞു. അര്‍ജുനന്‍ എന്നപോലെ, അര്‍ജുനന്റെ രക്തബന്ധത്തിലുള്ളവരും ഗുരുനാഥന്‍മാരും എല്ലാം ജീവാത്മാക്കളാണെന്ന് വന്നു. ശരീരങ്ങള്‍ നശിക്കുന്നത് കാലത്തിന്റെ പ്രവര്‍ത്തനഫലമാണെന്നും നാശകാരണങ്ങളായി പ്രത്യക്ഷപ്പെടുന്ന മറ്റെല്ലാതും നിമിത്തമാത്രമാണെന്നും മനസ്സിലായി. ഇനി ശരിയായ ഈ അറിവും പരംപൊരുളിലുള്ള മതിയായ അര്‍പ്പണവും തികയാനും ദൃഢമാകാനും ആവശ്യമായ കാര്യങ്ങളും ഉപാധികളും പരിശീലനവും അവതരിപ്പിക്കാന്‍ പോകുന്നു.
അര്‍ജുന ഉവാച-
ദൃഷ്‌ട്വേദം മാനുഷം രൂപം
തവ സൗമ്യം ജനാര്‍ദന
ഇദാനീമസ്മി സംവൃത്തഃ
സചേതാഃ പ്രകൃതിം ഗതഃ
അര്‍ജുനന്‍ പറഞ്ഞു-
ജനാര്‍ദനാ, അങ്ങയുടെ സൗമ്യമായ ഈ മനുഷ്യരൂപം കണ്ട് ഇപ്പോള്‍ ഞാന്‍ സ്വസ്ഥചിത്തനും നിജസ്ഥിതി (മുന്‍പേ പതിവുള്ള മാനസികാവസ്ഥ) പ്രാപിച്ചവനുമായി തീര്‍ന്നിരിക്കുന്നു.
(തുടരും)





