
ഗീതാദര്‍ശനം - 400
Posted on: 28 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ആ പഴയ രൂപംതന്നെയാണ് വിശ്വരൂപദര്‍ശനത്തില്‍ കണ്ടതും എന്ന രൂപാഭേദചിന്തയും ഈ പദ്യത്തില്‍ കാണാം. രൂപം ഏതായാലും സത്ത പരംപൊരുള്‍തന്നെ എന്നാണല്ലോ ഉപനിഷത്തിലെ പാഠം.
സഞ്ജയ ഉവാച-
ഇത്യര്‍ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൗമ്യവപുര്‍മഹാത്മാ
സഞ്ജയന്‍ പറഞ്ഞു-
അര്‍ജുനനോട് ഇങ്ങനെ പറഞ്ഞിട്ട് ശ്രീകൃഷ്ണന്‍ തന്റെ പഴയ രൂപം വീണ്ടും കാട്ടി. അങ്ങനെ സൗമ്യരൂപം കൈക്കൊണ്ടതില്‍പ്പിന്നെ മഹാത്മാവായ ഭഗവാന്‍, പേടിച്ചരണ്ട അവനെ (അര്‍ജുനനെ) ആശ്വസിപ്പിക്കയും ചെയ്തു.
12, 13, 14 ശ്ലോകങ്ങളില്‍ അര്‍ജുനനും കൃഷ്ണനും ഒരു സംയുക്തമായി തീരുന്നത് വര്‍ണിച്ച് പിന്‍വാങ്ങിയ സഞ്ജയന്‍ വീണ്ടും നേരിട്ട് കഥാകഥനത്തിന് ഇപ്പോള്‍ വരുന്നത് ഇരുവരെയും പഴയപടി ഇരുവരാക്കിത്തീര്‍ക്കാനാണ്. 'നീ കണ്ടത് വേറെ മനുഷ്യരാരും കണ്ടിട്ടില്ല' എന്ന് കൃഷ്ണന്‍ പറയുന്നുണ്ടെന്നാലും സഞ്ജയന്‍ വള്ളിപുള്ളി വിടാതെ എല്ലാം കണ്ടു. അന്ധനായ ധൃതരാഷ്ട്രര്‍ സഞ്ജയന്റെ വാക്കുകളിലൂടെ ആ കാഴ്ച കണ്ടു. അതു കഴിഞ്ഞ് ഇന്നേവരെ ഗീത വായിച്ച എല്ലാവരും കണ്ടു. പക്ഷേ, ഈ കണ്ടതെല്ലാം കണ്ടവരുടെ സ്വന്തം കാഴ്ചകളാണെന്നത്രെ വ്യാസരുടെ ചിരി! എല്ലാമെല്ലാം കാണാനുള്ള കഴിവുമായാണ് സഞ്ജയന്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതെന്നാലും അദ്ദേഹമെന്ന പാത്രത്തിന്റെ സൃഷ്ടിയിലുമുണ്ടല്ലോ തനതായ സവിശേഷത. അദ്ദേഹത്തിന് ഒരു പക്ഷത്തോട് പ്രത്യേകമായ അനുഭാവമുണ്ടെന്ന് വ്യക്തവുമാണ്. (ശരിക്കും തെറ്റിനും ഇടയ്ക്ക് നൂറു ശതമാനം പക്ഷരാഹിത്യം ഈ ഭൂമിയില്‍ ഒരു മാധ്യമപ്രവര്‍ത്തകനും സാധ്യമല്ല എന്നുതന്നെ വ്യാസമതം!)
(തുടരും)





