
ഗീതാദര്‍ശനം - 399
Posted on: 27 Dec 2009
സി. രാധാകൃഷ്ണന്‍
വിശ്വരൂപ ദര്‍ശനയോഗം
ന വേദയജ്ഞാദ്ധ്യയനൈര്‍ ന ദാനൈഃ
ന ച ക്രിയാഭിര്‍ ന തപോഭിരുഗ്രൈഃ
ഏവം രൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര
അല്ലയോ കുരുശ്രേഷ്ഠാ, വേദങ്ങളും യജ്ഞങ്ങളും പഠിച്ചതുകൊണ്ടോ ദാനങ്ങള്‍ ചെയ്തിട്ടോ അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കുന്നതിലൂടെയോ ഉഗ്രങ്ങളായ തപസ്സുകള്‍കൊണ്ടോ മനുഷ്യലോകത്ത് നിനക്കൊഴികെ ആര്‍ക്കും, എന്നെയും (എന്റെ) ഇപ്രകാരമുള്ള രൂപത്തെയും കാണാന്‍ കഴിയില്ല.
പാണ്ഡിത്യത്തിന്റെയും ആചാരാനുഷ്ഠാനക്രിയകളുടെയും ദാനങ്ങളുടെയും പേരില്‍ അഭിമാനിക്കുന്നവരെയും സിദ്ധികള്‍ക്കായി ഉഗ്രമായി തപസ്സു ചെയ്യുന്നവരെയും ഒരു താക്കീതുകൊണ്ട് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് ഗീത. ഇപ്പറഞ്ഞതുകൊണ്ടൊന്നും ഈ വിധമുള്ള ധ്യാനദര്‍ശനം ആര്‍ക്കും ലഭിക്കില്ല എന്നതാണ് ആ മുന്നറിയിപ്പ്. അതൊക്കെ വേണ്ട എന്നല്ല, അതുകൊണ്ടായില്ല എന്നുതന്നെ. അര്‍പ്പണബോധംകൊണ്ടും ഭക്തിവിശ്വാസങ്ങള്‍കൊണ്ടും മാത്രമേ ഈശ്വരദര്‍ശനം സിദ്ധിക്കൂ.
വേദങ്ങളുടെ ഇഴ കീറി തര്‍ക്കിച്ച് ജയിച്ചു ഞെളിയുന്നവരും എങ്ങനെയെങ്കിലുമൊക്കെ ഉണ്ടാക്കിയ ധനം കുറെ വാരിക്കോരി ദാനം ചെയ്ത് 'പുണ്യവാന്‍മാര്‍' എന്ന് സ്വയം കരുതുന്നവരും തന്ത്രമന്ത്രവിദ്യകളില്‍ വൈദഗ്ധ്യം നേടി 'ഞാന്‍ ഇതിലൂടെ ഈശ്വരനെ കാട്ടിത്തരാം' എന്നു പറയുന്നവരും ഏതെങ്കിലുമൊരു വരം കിട്ടാന്‍ പെരുവിരലില്‍ നിന്ന് തപസ്സു ചെയ്യുന്നവരുമൊക്കെ അക്കാലത്തുണ്ടായിരുന്നിരിക്കാം. സൈദ്ധാന്തികവിവാദങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാക്കുന്നവരും മയക്കുമരുന്നു കള്ളക്കടത്തു നടത്തി പണം കുറെ ഉണ്ടാക്കി അതില്‍നിന്നല്പം ആതുരസേവനത്തിന് സംഭാവന ചെയ്ത് മാന്യത വാങ്ങുന്നവരും ദേവപ്രശ്‌നങ്ങളും പരിഹാരപൂജകളുമായി ഈശ്വരാനുഗ്രഹം മൊത്തമായും ചില്ലറയായും വില്‍ക്കുന്നവരും വാങ്ങുന്നവരും ഇന്നും സുലഭമായിരിക്കെ ഈ മുന്നറിയിപ്പ് വളരെ പ്രസക്തം. ഇതിലൂടെ ഗീത ഈശ്വരചിന്തയെ വ്യവസ്ഥാപിത ആത്മീയവ്യവസായത്തില്‍നിന്ന് മോചിപ്പിക്കാന്‍ 'സുദര്‍ശനം' എന്ന ആയുധം പ്രയോഗിക്കുന്നു.
മാ തേ വ്യഥാ മാ ച വിമൂഢഭാവഃ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ
ഇത്ര ഘോരമായ എന്റെ ഈ രൂപം കണ്ടിട്ട് നീ ഭയക്കരുത്, പരിഭ്രമിക്കയും അരുത്. എന്റെ ആ പഴയ രൂപംതന്നെ ഇതാ വീണ്ടും കണ്ടോളൂ. നീ നിര്‍ഭയനും സന്തുഷ്ടനുമാവുക.
കൃഷ്ണാര്‍ജുനസംയുക്തം എന്ന സങ്കല്പം അര്‍ഥഗ്രഹണത്തിന് അനിവാര്യമായി വരുന്ന സന്ദര്‍ഭമാണിത്. യോദ്ധാവും തേരാളിയും ഏകമനസ്സായി എന്നോ അവതാരമായ കൃഷ്ണന്‍ ഭക്തന് താനുമായി കുറച്ചുനേരത്തേക്ക് താദാത്മ്യം അനുവദിച്ചു എന്നോ കുരുക്ഷേത്രമെന്ന മഹാക്ഷേത്രത്തിലെ അര്‍ഥപുരുഷാര്‍ഥവും അതിലെ ക്ഷേത്രജ്ഞനും തെല്ലുനേരം ഒന്നായി ഭവിച്ചു എന്നോ ഏത് തലത്തില്‍ വീക്ഷിച്ചാലും ശരി, ആ ചേര്‍ച്ച ഉണ്ടായി എന്നു കരുതിയേ മതിയാവൂ. സാരഥി 'പഴയ' ആളാകുവോളം അഭിന്നത നിലനില്‍ക്കുന്നു.
(തുടരും)





